സിനിമാ ചിത്രീകരണത്തിനിടെ നടന് സൂര്യയ്ക്ക് പരിക്ക്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഊട്ടിയില്‍ വച്ചായിരുന്നു അപകടം. താരത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഈ സാഹചര്യത്തില്‍ ഷൂട്ടിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
സൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും രണ്ടാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിര്‍മാതാവ് രാജശേഖരന് പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് ഷൂട്ടിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയ്ക്ക് പേരിട്ടിട്ടില്ല. 'സൂര്യ 44' എന്ന് വിളിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആന്തമാന്‍ നിക്കോബാറിലായിരുന്നു നടന്നത്. ഇതിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് ഊട്ടിയില്‍ നടക്കുന്നത്. പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തില്‍ ജയറാം, ജോജു എന്നിവരും പ്രധാനവേഷം അവതരിപ്പിക്കുന്നു.
സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്റര്‍ടെയ്മെന്റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം പൂര്‍ത്തിയാക്കിയാണ് സൂര്യ ഈ ചിത്രത്തില്‍ എത്തിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന കങ്കുവ വരുന്ന ഒക്ടോബറിലാണ് റിലീസാകുന്നത്.