കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണച്ചടങ്ങില്‍ ക്യാമ്പസ് കാല പ്രണയമോര്‍ത്ത് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. കണ്ണുകള്‍ കൊണ്ട് കൈമാറിയ പ്രണയത്തെ കുറിച്ച് താരം വീണ്ടും ഓര്‍മ്മിച്ചെടുത്തത്.
ഇന്നുവരെ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമായിരുന്നു...അല്ലെങ്കില്‍ ഇഷ്ടമാണ് എന്ന് പറയാന്‍ ധൈര്യം ഇല്ലാതെ പോയ രണ്ട് ആത്മാക്കളുണ്ട് ഒന്ന് ഞാനാണ്. പിന്നൊന്ന് വേറൊരു കുട്ടിയാണ്. ഞങ്ങള്‍ രണ്ടുപേരും അറ്റത്ത് നിന്ന് ഇറങ്ങി നടന്ന് വരുന്നത് എനിക്ക് അറിയാന്‍ പറ്റുമായിരുന്നു. അപ്പുറത്ത് നിന്ന് ചിലര്‍ സിഗ്‌നല്‍ തരുമായിരുന്നു. ഞാന്‍ ആ സമയത്ത് കിഴക്കേ അറ്റത്ത് നിന്ന് ഇപ്പുറത്തേക്ക് നടക്കും.
ഞങ്ങള്‍ നടന്ന് വന്ന് പരസ്പരം ഒന്ന് നോക്കുന്നത് മരത്തിന്റെ മറവില്‍ എത്തുമ്പോഴാണ്. കാരണം ആ പറമ്പില്‍ ഇരിക്കുന്ന ഒരാളും കാണത്തില്ല ഞങ്ങള്‍ പരസ്പരം നോക്കി എന്നുള്ളത്. പ്രണയം ഹൃദയത്തിലേക്ക് കടന്ന് വന്നതിന് തട്ടകമായിട്ടുള്ളതാണ് ഫാത്തിമ മാതാ നാഷണല്‍ കോളജ്. പ്രണയമെന്ന് പറയുന്നത് ദിവ്യമായിരുന്നു... എന്ന് പറഞ്ഞാല്‍ ഒരു ഉദ്ദേശവും ഉണ്ടാവില്ല. കല്യാണം കഴിക്കാന്‍ പറ്റും എന്ന ഒറ്റ ചിന്തയിലുള്ള പ്രണയമായിരുന്നു... എന്ന് പറഞ്ഞാണ് സുരേഷ് ഗോപി പ്രസംഗം അവസാനിപ്പിച്ചത്.
സുരേഷ് ഗോപിയ്ക്ക് ഒപ്പം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യും എം.നൗഷാദ് എം.എല്‍.എ.യും ചടങ്ങിനെത്തിയിരുന്നു. കൗമാരം ചെലവിട്ട കലാലയാങ്കണത്തില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം തിരിച്ചെത്തിയപ്പോള്‍ രാഷ്ട്രീയ ചേര്‍തിരിവുകള്‍ മറന്ന് മൂവരും പഴയ വിദ്യാര്‍ത്ഥികളായി മാറി.സഹപാഠിയായ പ്രേമചന്ദ്രനൊപ്പം ചമ്മന്തിയും ഓംലെറ്റുമെല്ലാം നിറഞ്ഞ ചോറുപൊതികള്‍ ഒരുമിച്ചാക്കി കഴിച്ച മധ്യാഹ്നങ്ങളെക്കുറിച്ചും മന്ത്രി വാചാലനായി. അന്തര്‍മുഖനായ താന്‍ ആദ്യമായി സ്റ്റേജില്‍ കയറിയ അനുഭവവും കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതുമെല്ലാം അദ്ദേഹം ഓര്‍ത്തെടുത്തു..
മലയാള സിനിമയിലെ മാതൃകാ ദമ്പതികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത് ഉള്ളവരാണ് സുരേഷ് ഗോപി-രാധിക ജോഡി. പ്രണയ വിവാഹമൊന്നും ആയിരുന്നില്ല സുരേഷ് ഗോപിയുടേത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു.1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. സുരേഷ് ഗോപിയുടെ അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി.ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വേണ്ടി വിവാഹം ആലോചിച്ച് ഉറപ്പിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷമാണ് സുരേഷ് ഗോപിയും രാധികയും ആദ്യമായി നേരില്‍ കണ്ടതും.