കള എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് സുമേഷ്. അടുത്തിടെ ആയിരുന്നു കേരള സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ഇദ്ദേഹമായിരുന്നു സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് ഒരു അഭിമുഖം സുമേഷ് നല്‍കിയതില്‍ വിജയ് ബാബുവിനെ ന്യായീകരിച്ചുകൊണ്ട് ഒരു പ്രസ്താവന സുമേഷ് നടത്തിയിരുന്നു. താന്‍ കേസില്‍ അവനൊപ്പം എന്ന് പറഞ്ഞായിരുന്നു സുമേഷിന്റെ പ്രസ്താവന. എന്നാല്‍ ഇത് വിവാദമായതോടെ ഇപ്പോള്‍ പ്രസ്താവന തിരുത്തി മാപ്പ് പറഞ്ഞിരിക്കുകയാണ്.
ലൈംഗിക അതിക്രമം നേരിടുന്ന സ്ത്രീകള്‍ നല്‍കുന്ന പരാതിയെ അധിക്ഷേപിച്ചു കൊണ്ടുള്ള പ്രസ്താവന ആണ് താന്‍ നടത്തിയത് എന്നും അതില്‍ ക്ഷമചോദിക്കുന്നു എന്നുമായിരുന്നു സുമേഷ് നടത്തിയ പ്രതികരണം. തന്റെ വൃത്തികെട്ട ആണ്‍ബോധത്തില്‍ നിന്നുമാണ് അത്തരമൊരു പ്രസ്താവന വന്നത് എന്നും വിവാദമാകുമോ എന്ന ഭയം തനിക്ക് ഇല്ല എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുമേഷ് പറഞ്ഞു. ''ഭയങ്കരമായ മണ്ടതരത്തില്‍ നിന്നുമാണ് അത്തരമൊരു പ്രസ്താവന ഉണ്ടായത്, അത് മനസ്സിലാക്കുവാന്‍ കുറച്ചു സമയമെടുത്തു. ഞാന്‍ വലിയ വൃത്തികേടാണ് ചെയ്തത്. വളരെ മോശം പ്രസ്താവന ആയിരുന്നു അത്'' - സുമേഷ് പറയുന്നു.
ഒരു സ്ത്രീ അവര്‍ നേരിട്ട പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ എന്റെ ഉള്ളിലെ ചിന്തയില്‍ പോലും ഒരു ആണ്‍ ബോധം കിടക്കുന്നുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ചില സുഹൃത്തുക്കള്‍ എന്റെ പ്രസ്താവന കണ്ടതിനുശേഷം എന്നെ വിളിച്ചിരുന്നു. അവരുമായി സംസാരിച്ചതിന് ശേഷമാണ് ഞാന്‍ ചെയ്ത പ്രശ്‌നത്തിന്റെ ആഴം കൂടുതല്‍ മനസ്സിലാക്കുന്നത്. ഞാന്‍ നടത്തിയ പ്രസ്താവനയില്‍ വലിയ പ്രശ്‌നമുണ്ട്. പീഡനം നടന്ന് ആദ്യതവണ തന്നെ പറഞ്ഞു കൂടായിരുന്നോ എന്നൊക്കെ പറയുന്നത് വലിയ അബദ്ധമായി സ്റ്റേറ്റ്‌മെന്റ് ആണ്. തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നം മനസ്സിലാവാത്ത സ്ത്രീകളുമുണ്ട്'' - സുമേഷ് പറയുന്നു.
വിജയ് ബാബുവിന്റെ കേസില്‍ വിശ്വാസ്യത തോന്നുന്നില്ലെന്നും താന്‍ അവനൊപ്പമാണെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നത് ഒരു ട്രെന്‍ഡായി മാറുന്നെന്നും ആണ് നടന്‍ പറഞ്ഞച്. ഇതെന്താണ് ചന്തയോ? എനിക്കെതിരെ വിമര്‍ശനമുണ്ടായാലും കുഴപ്പമില്ല. എനിക്കെതിരെ മീടുവോ റേപ്പോ വന്നാല്‍ ഞാനത് സഹിക്കും. അങ്ങനെയല്ലാതെ എന്താണ് ചെയ്യുക. ആണുങ്ങള്‍ക്കാര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റില്ല. അപ്പോഴത് റേപ്പായി മീടുവായി കേസായി.
സാമാന്യ ലോജിക്കില്‍ ചിന്തിച്ചാല്‍ മനസിലാകില്ലേ? ഒരേ സ്ഥലത്ത് അഞ്ചോ ആറോ പ്രാവശ്യം അല്ലെങ്കില്‍ അന്‍പത് പ്രാവശ്യം പോയിട്ട് പീഡിപ്പിക്കപ്പെടുക എന്ന് പറയുക. ഒരു വട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കിയാല്‍ പോരെ? എന്തിനാണ് നിരന്തരം അങ്ങോട്ട് പീഡിപ്പിക്കപ്പെടാന്‍ വേണ്ടി പോകുന്നത്? ഏത് പൊട്ടനും മനസിലാകും ഈ കാര്യങ്ങളൊക്കെയെന്നും നടന്‍ പറഞ്ഞിരുന്നു.
വിജയ് ബാബുവിന്റെ കേസ് കോടതിയില്‍ ഇരിക്കുകയാണ്. ഒരു സിനിമയുടെ പ്രൊഡ്യൂസര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അതില്‍ അഭിനയിച്ച ആളുകളെ തള്ളിക്കളയുന്നതിനോട് തീരെ യോജിപ്പില്ല. അതിന്റെ പേരില്‍ പടത്തിനെ തഴയുന്നതിനോട് അഭിപ്രായമില്ല. എനിക്ക് കിട്ടിയ പുരസ്‌കാരം ഹോമിലുണ്ടായിരുന്നവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. ഇന്ദ്രന്‍സേട്ടനെ ഒരുപാട് ഇഷ്ടമാണ്. എന്റെ അവാര്‍ഡ് ഇന്ദ്രന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു'-സുമേഷ് മൂര്‍ പറഞ്ഞു.