നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മലയാള സിനിമാ സീരിയല്‍ താര ലോകം ഇപ്പോള്‍. താഴെ തട്ടിലുള്ള കലാകാരന്മാര്‍ മുതല്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കു വരെ ഒരുപോലെ പ്രിയങ്കരിയായിരുന്ന സുബിയുടെ വിയോഗം എല്ലാവരും ഞെട്ടലോടെയാണ് പങ്കുവച്ചത്. 41 വയസ് മാത്രമായിരുന്നു സുബിയുടെ പ്രായം. ഇത്ര ചെറുപ്പത്തില്‍ തന്നെ മാരകമായ കരള്‍ രോഗത്തിന്റെ പിടിയിലായിരുന്നു നടി. ഭക്ഷണവും ദിനചര്യകളും ഉപേക്ഷിച്ച് ഷൂട്ടുകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കും പോയിരുന്ന ജീവിത ശൈലിയാണ് നടിയെ ഈ ചെറിയ പ്രായത്തില്‍ രോഗിയാക്കി മാറ്റിയതും ഇപ്പോള്‍ ജീവന്‍ കവര്‍ന്നതും.
സുബിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് വളരെ അടുത്തു നില്‍ക്കുന്നവര്‍ക്കു മാത്രമെ അറിയുമായിരുന്നുള്ളൂ. മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ രോഗവിവരും നടി പങ്കുവച്ചിരുന്നുവെങ്കിലും അതിത്രത്തോളം ഗുരുതരമായിരുന്നുവെന്ന് ആരാധകര്‍ അറിഞ്ഞിരുന്നില്ല. ജീവിതത്തിലെ ഏതൊരു കാര്യത്തെയും വളരെ അധികം തമാശയോടെ കാണുന്ന ആളായിരുന്നു സുബി സുരേഷ്. മുമ്പ് ആശുപത്രിയില്‍ കിടന്ന കാര്യവും തമാശയോടെയാണ് സുബി സുരേഷ് പറഞ്ഞത്. 'ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി' എന്ന് പറഞ്ഞുകൊണ്ട് ആണ് മാസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്.
ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ അസുഖത്തെ കുറിച്ച് സുബി കൃത്യമായി സംസാരിക്കുന്നുണ്ടായിരുന്നു. ഈ അസുഖമാണ് ഇപ്പോള്‍ ജീവനെടുത്തത്. കുറച്ചു കാലമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ 17 ദിവസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടി അഡ്മിറ്റ് ആയത്. വിവാഹം വരെ തീരുമാനിച്ച് അതിന്റെ പടിവാതില്‍ക്കല്‍ നില്‍്ക്കുകയായിരുന്നു. ആ സമയത്താണ് കരളിന്റെ പ്രശ്നം വന്നത്. കരള്‍ മാറ്റിവയ്ക്കലായിരുന്നു രക്ഷിക്കാനുള്ള ഏകപോംവഴി. അതിനു തയ്യാറായി സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകളും എത്തി.
അതിന്റെ നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയത് സുരേഷ് ഗോപി, ഹൈബി ഈഡന്‍ തുടങ്ങി രാഷ്ട്രീയ സംസ്‌കാരിക രംഗത്തെ ആള്‍ക്കാരുകളെല്ലാം ബന്ധപ്പെട്ട് ആയിരുന്നു. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്‌നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെ മരണവും സംഭവിച്ചു. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയില്‍ സുബിയെ സന്ദര്‍ശിച്ചിരുന്നു.
വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവില്‍ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ നടക്കും. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും തിളങ്ങി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. കരള്‍ രോഗമായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷിന്റെ ജീവനെടുത്തത്