1994ല്‍ മതാചാര പ്രകാരം വിവാഹിതരായ അഡ്വ സി ഷുക്കൂറും ഡോ. ഷീനയും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതാരായി. ബുധന്‍ പകല്‍ 10.15നാണ് മക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടന്നത്. എം ജി സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമാണ് ഡോ. ഷീന ഷുക്കൂര്‍.
വക്കീലിനും ഭാര്യയ്ക്കും മൂന്ന് പെണ്‍ മക്കളാണുള്ളത്. അതുകൊണ്ടുതന്നെ മുസ്ലീം ആചാര പ്രകാരം പിതാവിന്റെ കാലശേഷം സ്വത്തുക്കള്‍ പൂര്‍ണമായും പെണ്‍മക്കള്‍ക്ക് ലഭിക്കില്ല. മുസ്ലീം പെണ്‍കുട്ടികളായതിനാല്‍ നേരിടേണ്ടി വരുന്ന വിവേചനം ഒഴിവാക്കാനാണ് ഇരുവരും വിവാഹം ഔദ്യോഗികമാക്കിയത്.
അച്ഛന്റെയും അമ്മയുടെയും രണ്ടാം വിവാഹത്തിന് സാക്ഷികളാകാന്‍ മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരും എത്തിയിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തിയെട്ടാം വര്‍ഷമാണ് രണ്ടാം വിവാഹം നടന്നത്.
1994 ഒക്ടോബര്‍ ആറിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തിലായിരുന്നു ഇവര്‍ ആദ്യം വിവാഹിതരായത്. എന്നാല്‍ മുസ്ലീം പിന്തുടര്‍ച്ച നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കില്‍ മാത്രമേ മുഴുവന്‍ സ്വത്തും കൈമാറാന്‍ സാധിക്കുകയുള്ളൂ. ഇല്ലെങ്കില്‍ സ്വത്തിന്റെ രണ്ട് ഓഹരി മക്കള്‍ക്കും ഒരു ഓഹരി സഹോദരങ്ങള്‍ക്കും പോകും. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ്. മുഴുവന്‍ സ്വത്തും മക്കള്‍ക്ക് കിട്ടാന്‍ വേണ്ടിയാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതെന്ന് ഷുക്കൂര്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
പുനര്‍വിവാഹം നടത്തിയ നടനും അഭിഭാഷകനുമായ ഷുക്കൂറിന് ആശംസകളുമായി പ്രശസ്ത ശബ്ദലേഖകനും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. വിവാഹത്തില്‍ നേരിട്ട് പങ്കെടുക്കാനായില്ലെങ്കിലും മനസുകൊണ്ട് താന്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്ന് റസൂല്‍ പൂക്കുട്ടി സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു.
ഷുക്കൂര്‍ വക്കീല്‍ എന്ന ഈ മനുഷ്യനെ എനിക്ക് ഇഷ്ടമാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വിസ് മയിപ്പിക്കുന്ന പ്രകടനം വഴി അദ്ദേഹം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഒരു നല്ല മനുഷ്യന്റെയും ഒരു മികച്ച നടന്റെയും അടയാളങ്ങള്‍ എനിക്ക് അദ്ദേഹത്തില്‍ കാണാം. ഒരു അഭിഭാഷകന്റേതായ ചില പ്രത്യേകതകളും എനിക്ക് അദ്ദേഹത്തില്‍ നിന്ന് അറിയാനാവും.
ഇന്ന് അദ്ദേഹം വച്ചിരിക്കുന്ന ചുവട് ഈ രാജ്യത്തെ ഓരോ ലിബറല്‍ മുസ്ലിമിന്റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ 'രണ്ടാം വിവാഹത്തില്‍' എനിക്ക് നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ മനസുകൊണ്ട് ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ട്. ധൈര്യപൂര്‍വ്വമുള്ള ആ നിലപാടിനൊപ്പവും . താങ്കള്‍ക്കും താങ്കള്‍ പുതുതായി വിവാഹം കഴിച്ച ഭാര്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഹണിമൂണ്‍ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരിക.റസൂല്‍ പൂക്കുട്ടി കുറിച്ചു.
പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതില്‍ അഭിമാനമുണ്ടെന്നും ഈ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും മകള്‍ ജാസ്മിന്‍ പറഞ്ഞു. വിവാഹം കാണാന്‍ വി പി പി മുസ്തഫ, ന?ഗരസഭാ ചെയര്‍ പേഴ്സണ്‍ കെ വി സുജാത, അഡ്വ പി അപ്പുക്കുട്ടന്‍, മഹമ്മൂദ് മുറിയനാവി, മുഹമ്മദ് ഹനീഫ, അഡ്വ എം ആശാലത തുടങ്ങിയവരെല്ലാം എത്തിയിരുന്നു.
ഉപ്പയോ ഉമ്മയോ മരിച്ചതിന് ശേഷം കുട്ടികളിരുന്ന് കരഞ്ഞിട്ട് കാര്യമില്ലെന്നും മുന്‍കരുതല്‍ എടുക്കുക എന്നത് മാത്രമാണെന്നും തുടര്‍ന്നാണ് ഇന്ത്യന്‍ പിന്തുടര്‍ച്ച നിയമപ്രകാരം വിവാഹിതാരയെതെന്ന് വിവാഹത്തിന് ശേഷം ഡോ. ഷീന മാധ്യമങ്ങളോട് പറഞ്ഞു.
ഭാര്യ ഷീനയെ താന്‍ ഒരിക്കല്‍കൂടി വിവാഹം കഴിക്കുകയാണെന്നുള്ള ഷുക്കൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്, തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നുകൂടി വിവാഹിതരാകുന്നു എന്ന് സമൂഹ മാധ്യമത്തിലൂടെ ഷുക്കൂര്‍ അറിയിച്ചിരുന്നു.