പ്രസവം 'ഈസി'യാണെന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി അഖില്‍ മാരാരുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി മഞ്ജു പത്രോസ്. പ്രസവിച്ച ഒരാളെന്ന നിലയില്‍ അത് ലളിതമായ കാര്യമാണെന്ന് ഒരിക്കലും പറയാനാകില്ലെന്നും ആ വേദന ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും മഞ്ജു പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ ഒരുകാലത്ത് പ്രസവത്തെ 'കൂള്‍' ആയി കണ്ടിരുന്നുവെന്ന അഖില്‍ മാരാരുടെ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
'പ്രസവിച്ച ഒരാളെന്ന നിലയ്ക്ക് പ്രസവം ഈസി ആണെന്ന് പറയാനേ പാടില്ല. ഞാന്‍ അത്രയും പേടിച്ച് പ്രസവം നിര്‍ത്തിക്കളഞ്ഞ ആളാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ സിസേറിയന്‍ ആയിരുന്നു. നല്ല സൗകര്യങ്ങളോടെയാണ് പ്രസവിച്ചത്, എങ്കിലും പ്രസവം കഴിഞ്ഞിട്ടുള്ള ആ വേദന ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. എനിക്ക് ശ്വാസം വിടാന്‍ പോലും പ്രയാസമായിരുന്നു. പിറ്റേദിവസം ഡോക്ടര്‍ വന്ന് നടത്തിക്കുമ്പോഴുള്ള അവസ്ഥ വിവരിക്കാനാവില്ല. തത്വചിന്ത പറയുന്നവര്‍ക്ക് ഇതൊക്കെ വളരെ ലളിതമായി പറയാം. പക്ഷേ ദൈവത്തെയോര്‍ത്ത് സഹജീവികളെ മനുഷ്യനായി കാണാന്‍ പഠിക്കുക.'
പഴയ തലമുറയുടെ ആരോഗ്യസ്ഥിതിയും ഇന്നത്തെ സാഹചര്യവും തമ്മില്‍ താരതമ്യം ചെയ്യുന്നത് വലിയ വിഡ്ഢിത്തമാണെന്നും മഞ്ജു ചൂണ്ടിക്കാട്ടി. 'അന്നത്തെ കാലത്തെ ആരോഗ്യനിലയും ഭക്ഷണവും അന്തരീക്ഷവും വേറെയായിരുന്നു. ഇന്ന് ജനിച്ചു വീഴുന്നത് മുതല്‍ ഓരോ യന്ത്രങ്ങളിലാണ് നാം ജീവിക്കുന്നത്. മായമില്ലാത്ത ഭക്ഷണം കഴിച്ച തലമുറയെയും നമ്മളെയും എങ്ങനെയാണ് താരതമ്യം ചെയ്യുക? അന്നത്തെ കാലത്ത് അധ്വാനത്തിന് മിക്‌സിയോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. എല്ലാം മാറി. സാഹചര്യങ്ങള്‍ മനസ്സിലാക്കാതെ സംസാരിക്കരുത്.' മഞ്ജു പത്രോസ് കൂട്ടിച്ചേര്‍ത്തു.