Latest News

നായികാവേഷമാണെന്ന് പറഞ്ഞ്, സൈഡ് റോളി നായി മൂന്നുതവണ വിളിച്ചുവരുത്തി; ചോദിക്കുന്നത് അര്‍ഹതപ്പെട്ട വെറും 25,000 രൂപയാണ്; വിവാദങ്ങള്‍ക്കിടെ തമിഴ് വെബ് സീരീസില്‍നിന്ന് പിന്മാറുന്നതായി അറിയിച്ച് അനുഗ്രഹ എസ് നമ്പ്യാര്‍; നിയമനടപടിയെടുക്കാന്‍ സംവിധായകനും

Malayalilife
നായികാവേഷമാണെന്ന് പറഞ്ഞ്, സൈഡ് റോളി നായി മൂന്നുതവണ വിളിച്ചുവരുത്തി; ചോദിക്കുന്നത് അര്‍ഹതപ്പെട്ട വെറും 25,000 രൂപയാണ്; വിവാദങ്ങള്‍ക്കിടെ തമിഴ് വെബ് സീരീസില്‍നിന്ന് പിന്മാറുന്നതായി അറിയിച്ച് അനുഗ്രഹ എസ് നമ്പ്യാര്‍; നിയമനടപടിയെടുക്കാന്‍ സംവിധായകനും

തമിഴ് വെബ് സീരീസ് 'റിസോര്‍ട്ടു'മായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്നതിനിടെ, പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്‍. നിര്‍മ്മാതാക്കള്‍ക്കും തിരക്കഥാകൃത്തായ വിജയ് കുമാര്‍ രാജേന്ദ്രനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച നടി, തനിക്ക് അര്‍ഹതപ്പെട്ട പ്രതിഫലം പോലും നല്‍കാതെ തന്നെ മാനസികമായും ശാരീരികമായും തകര്‍ത്തുവെന്ന് വെളിപ്പെടുത്തി. 

നായികാവേഷമാണെന്ന് വിശ്വസിപ്പിച്ച് തന്നെ സൈഡ് റോളുകള്‍ക്കായി മൂന്ന് തവണ വിളിച്ചുവരുത്തിയെന്നും വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ ഷൂട്ടിംഗിനായി കാത്തിരുത്തിയെന്നും അനുഗ്രഹ ആരോപിക്കുന്നു. ഷൂട്ടിംഗ് തുടങ്ങി രണ്ട് മാസത്തിന് ശേഷം കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതയാക്കിയതാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ഒരു വര്‍ഷത്തെ കരാറില്‍ കുടുക്കി തന്റെ മറ്റ് അവസരങ്ങള്‍ തടഞ്ഞുവെങ്കിലും, കരാര്‍ പ്രകാരമുള്ള പ്രതിഫലം നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നും നടി പറയുന്നു. 

തിരികെ നല്‍കാനുണ്ടെന്ന് വിജയ് കുമാര്‍ പറയുന്ന അഡ്വാന്‍സ് തുക താന്‍ പണിയെടുത്തതിന് ലഭിച്ച അര്‍ഹതപ്പെട്ട കൂലിയാണെന്ന് അനുഗ്രഹ വ്യക്തമാക്കി. 'യാത്രാബത്ത പോലും നല്‍കാതെ കഷ്ടപ്പെടുത്തിയവരോട് ഞാന്‍ ചോദിക്കുന്നത് എനിക്ക് അര്‍ഹതപ്പെട്ട വെറും 25,000 രൂപയാണ്. എന്റെ കയ്യിലും വ്യക്തമായ തെളിവുകളുണ്ട്. നിങ്ങളുടെ ഭാഗത്താണ് ശരിയെങ്കില്‍ ഞാന്‍ എന്തിനാണ് പ്രതിഫലത്തിനായി യാചിക്കുന്നത്?' - നടി ചോദിക്കുന്നു. 

നായികാവേഷമാണെന്ന് പറഞ്ഞ്, സൈഡ് റോളിനായി മൂന്നുതവണ തന്നെ വിളിച്ചുവരുത്തിയെന്ന് നടി പറഞ്ഞു. വിജയ് കുമാറിനേയും ഭാര്യ നക്ഷത്രാമൂര്‍ത്തിയേയും വിളിച്ചത് പങ്കാളിയല്ല, സുഹൃത്താണ്. എന്തിനാണ് വിജയ് കുമാര്‍ വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്? എന്തിനാണ് പേടിക്കുന്നത്? തന്റെ സ്ഥാനത്ത് ആരായിരുന്നെങ്കിലും പ്രതികരിച്ചേനെയെന്നും നടി വ്യക്തമാക്കി. 'ഇരവാദത്തിനോ ആരെയെങ്കിലും മോശക്കാരാക്കാനോ അല്ല ഞാന്‍ ശ്രമിക്കുന്നത്. ഒരുലക്ഷമോ കൂടുതലോ എനിക്ക് ചോദിക്കാമായിരുന്നു. എന്നാല്‍, ഞാന്‍ ഇപ്പോഴും അര്‍ഹതപ്പെട്ട 25,000 രൂപയ്ക്കാണ് ചോദിക്കുന്നത്. എന്റെ യാത്രാബത്ത പോലും തന്നിരുന്നില്ല', നടി പറഞ്ഞു. തുടര്‍ന്നാണ് സീരീസില്‍നിന്ന് പിന്മാറുന്നതായി നടി അറിയിച്ചത്. 

സെറ്റിലെ മോശം പെരുമാറ്റം തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്നാണ് അനുഗ്രഹയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോപി എന്ന വ്യക്തി തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പോലും പോകാന്‍ അനുവദിക്കാതെ കരാര്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. തന്റെ സുഹൃത്ത് ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ വിജയ് കുമാറും ഭാര്യയും മോശമായി പ്രതികരിച്ചതായും ഇവര്‍ പറയുന്നു. 

ജിയോ ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ 'റിസോര്‍ട്ട്' സീരീസിനെതിരെ ഉയരുന്ന ഈ വിവാദം തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഇരവാദത്തിനോ ആരെയെങ്കിലും മോശക്കാരാക്കാനോ അല്ല താന്‍ ശ്രമിക്കുന്നതെന്നും, മറ്റൊരു പെണ്‍കുട്ടിക്കും ഈ ഗതി ഉണ്ടാവരുതെന്നതിനാലാണ് പ്രതികരിക്കുന്നതെന്നും പറഞ്ഞാണ് അനുഗ്രഹ തമിഴ് വെബ് സീരീസില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്.

എന്നാല്‍ അനുഗ്രഹയ്ക്ക് പ്രൊഡക്ഷന്‍ കമ്പനി നല്‍കാനുള്ള പണം കൃത്യമായി നല്‍കിയിട്ടുണ്ടെന്നും, മറിച്ച് നടി പ്രൊഡക്ഷന്‍ കമ്പനിക്ക് പണം തിരികെ നല്‍കാനുണ്ടെന്നുമാണ് വിജയ് കുമാര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വിജയകുമാര്‍ തന്റെ ഭാഗം വ്യക്തമാക്കിയത്.

അനുഗ്രഹ അഭിനയിച്ച അത്രയും ദിവസത്തെ പണം പ്രൊഡക്ഷന്‍ കമ്പനി കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് വിജയ് കുമാര്‍ പറഞ്ഞു. ഏഴ് മാസം തന്നെ ലോക്ക് ചെയ്തു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. രണ്ട് മാസം ഷൂട്ടിങ്ങില്‍ പങ്കെടുത്ത ശേഷമാണ് അനുഗ്രഹ എഗ്രിമെന്റ് ഒപ്പിട്ടത്. താന്‍ ചെയ്യുന്നത് മെയിന്‍ റോളല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ ഒപ്പിട്ടത്. ഇഷ്ടമില്ലായിരുന്നെങ്കില്‍ ഒപ്പിടാതെ പോകാമായിരുന്നുവെന്നും വിജയ് കുമാര്‍ ചൂണ്ടിക്കാട്ടി.

'ഈ ക്ലാരിഫിക്കേഷന്‍ വിഡിയോ ഒന്നും കൊടുക്കരുതെന്ന് തന്നെയാണ് ഞാന്‍ പ്ലാന്‍ ചെയ്തത്. എന്തിന്, നമ്മുടെ ഭാഗത്ത് തെറ്റൊന്നുമില്ലല്ലോ, ഇതിനെ നമുക്ക് ലീഗല്‍ ആയി ഫേസ് ചെയ്യാം എന്ന് കരുതിയാണ് ഞാന്‍ പ്ലാന്‍ ചെയ്തത്. പക്ഷേ ഇന്നലെ മുതല്‍ ഒരു 20-30 കോളുകള്‍. എന്താണെന്നുവച്ചാല്‍ ഈ മീഡിയ ചാനലുകള്‍ ഒക്കെ വിളിച്ച് ഒരു ക്ലാരിഫിക്കേഷന്‍ വിഡിയോ തരൂ, അല്ലെങ്കില്‍ ഞങ്ങളോട് സംസാരിക്കൂ, നിങ്ങളുടെ ഭാഗത്തുള്ള കാര്യങ്ങള്‍ പറയൂ എന്നൊക്കെ ചോദിക്കുന്നു.

ഞങ്ങള്‍ ലീഗല്‍ ആയി തന്നെ നീങ്ങാം എന്ന പ്ലാനിലായിരുന്നു. ഞങ്ങള്‍ എന്തിന് നിങ്ങളുടെ ചാനലില്‍ വന്ന് പറയണം എന്ന് ആദ്യം കരുതി. ശരി, ഇതൊരു ക്ലാരിഫിക്കേഷന്‍ വിഡിയോ ആണ്. ഇതില്‍ കൃത്യമായി എന്താണ് നടന്നതെന്ന് ഞാന്‍ പറയാം. ചുമ്മാ എന്തെങ്കിലും വിളിച്ച് പറയുകയല്ല ഞാന്‍ ചെയ്യുന്നത്. ഒരു ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയോ വമ്പിനോ വേണ്ടി ചെയ്യുന്നതല്ല ഇത്.

ഒരു ദിവസം മുഴുവന്‍ ഞാന്‍ വിട്ടു കൊടുത്തു. അപ്പോഴേക്കും അത്രയും ന്യൂസ് ചാനലുകള്‍ വന്ന് ഒരു വശം മാത്രം കേട്ട് 'പണതട്ടിപ്പ്' എന്ന് പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ പറയുന്ന വിഡിയോയില്‍ നിങ്ങള്‍ പറയൂ, ആരാണ് യഥാര്‍ത്ഥത്തില്‍ തട്ടിപ്പ് നടത്തിയത് എന്ന്. ആദ്യത്തെ ആരോപണം: ആ പെണ്‍കുട്ടി പറയുന്നു പണം കൊടുക്കാതെ പറ്റിച്ചു എന്ന്. പ്രൊഡക്ഷന്‍ കമ്പനിയുമായി ഞാന്‍ എല്ലാ കാര്യങ്ങളും സംസാരിച്ചു. ആ പെണ്‍കുട്ടി അഭിനയിച്ച അത്രയും ദിവസത്തെ പണം കൃത്യമായി സെറ്റില്‍ ചെയ്തിട്ടുണ്ട്.

അതിന്റെ എല്ലാ ഡീറ്റെയില്‍സും പ്രൊഡക്ഷന്‍ കമ്പനിയുടെ കയ്യിലുണ്ട്. പിന്നെ ഒരു കാര്യം, ആ പെണ്‍കുട്ടി 25,000 രൂപ അഡ്വാന്‍സ് ചോദിച്ചു. തനിക്ക് പണത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോള്‍ മാനുഷിക പരിഗണന വച്ച് പ്രൊഡക്ഷന്‍ കമ്പനി അത് നല്‍കി. സത്യത്തില്‍ ആ പെണ്‍കുട്ടി ഇനിയും ഒരു 10,000 രൂപ പ്രൊഡക്ഷന്‍ കമ്പനിക്ക് തിരിച്ചു നല്‍കാനുണ്ട്. ഇത് നുണയാണെങ്കില്‍ അത് അനുഗ്രഹ തന്നെ പറയട്ടെ.

മറ്റൊരു കാര്യം, എഗ്രിമെന്റ് ഒപ്പിട്ടത് തന്നെ ലോക്ക് ചെയ്തു എന്നും ഏഴ് മാസം പ്രൊജക്റ്റ് ഇല്ലാതെ ഇരുന്നു എന്നും അവള്‍ പറയുന്നു. രണ്ട് മാസം ഷൂട്ടിങ്ങില്‍ അഭിനയിച്ച് കഴിഞ്ഞ ശേഷമാണ് ആ എഗ്രിമെന്റ് ഒപ്പിട്ടത്. നിങ്ങള്‍ ഒരു സൈഡ് റോളാണ് ചെയ്യുന്നത്, മെയിന്‍ കഥയിലല്ല എന്ന് അപ്പോള്‍ നിങ്ങള്‍ക്ക് അറിയില്ലായിരുന്നോ? പിന്നെ എന്തിനാണ് രണ്ട് മാസം കഴിഞ്ഞ ശേഷം നിങ്ങള്‍ സൈന്‍ ചെയ്തത്?

അപ്പോള്‍ നിങ്ങള്‍ക്ക് അത് വായിച്ച് മാറ്റങ്ങള്‍ വരുത്താമായിരുന്നു അല്ലെങ്കില്‍ സൈന്‍ ചെയ്യാതെ പോകാമായിരുന്നു. രണ്ട് മാസത്തെ ഷൂട്ടിങ്ങിന് ശേഷം ആ പെണ്‍കുട്ടിയുടെ സീനുകള്‍ ഒക്കെ എടുത്തു കഴിഞ്ഞപ്പോഴാണ് എഗ്രിമെന്റ് കൈമാറിയത്. കാരണം പ്രൊഡക്ഷന്‍ കമ്പനി അവളെ അത്രത്തോളം വിശ്വസിച്ചു. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റെപ്യൂട്ടേഷന്‍ ഉള്ള ഒരു കമ്പനിക്കെതിരെ ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വിഡിയോ ഇട്ടാല്‍ എല്ലാവരും കണ്ണടച്ച് വിശ്വസിക്കുന്നു.

എല്ലാവര്‍ക്കും കഥ നരേഷന്‍ നല്‍കിയ പോലെ തന്നെയാണ് അവള്‍ക്കും നല്‍കിയത്. ശമ്പളം സംസാരിക്കേണ്ടത് പ്രൊഡക്ഷന്‍ ടീമിനോടാണ്. ഞാന്‍ കഥയും കഥാപാത്രവും മാത്രമേ പറയൂ. സിനിമ എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് എന്ന് അറിയാതെയാണ് അവള്‍ സംസാരിക്കുന്നത്. ഇഷ്ടമില്ലെങ്കില്‍ അപ്പോഴേ പോകാമായിരുന്നു.

ഒരു മാസം മുന്‍പ് ഷൂട്ടിങ് നടക്കുമ്പോള്‍, അവള്‍ക്ക് വേറൊരു ഓഡിഷന്‍ ഉണ്ടെന്ന് പറഞ്ഞു. ഒരു കമിറ്റ്മെന്റ് കൊടുത്ത് വന്ന ശേഷം ഇടയില്‍ പോകണമെന്ന് പറഞ്ഞിട്ടും ആരും 'നോ' പറഞ്ഞില്ല. അന്ന് ആ ലൊക്കേഷന് മാത്രം 2 ലക്ഷം രൂപ ചെലവായിരുന്നു. 5 മണിക്ക് വരാമെന്ന് പറഞ്ഞ് പോയിട്ട് രാത്രി 8 മണിക്കാണ് വന്നത്. അന്ന് ആ സീന്‍ എടുക്കാന്‍ പറ്റിയില്ല, ലൊക്കേഷനും നഷ്ടമായി.

എന്നിട്ടും അന്ന് അഭിനയിച്ച ഒരു സീനിന് പോലും അവള്‍ക്ക് മുഴുവന്‍ പേയ്മെന്റും നല്‍കി. ഇത്രയും സഹായിച്ച ഒരു പ്രൊഡക്ഷനെ എങ്ങനെയാണ് ഇങ്ങനെ ചീത്ത പറയാന്‍ തോന്നുന്നത് ?. തമിഴില്‍ ആര്‍ക്കും അറിയാത്ത അവളെ വിളിച്ച് ഈ സീരിസില്‍ അവസരം നല്‍കി. ഇതിനിടയില്‍ തമിഴില്‍ ഒരു സിനിമയില്‍ ഹീറോയിന്‍ ആയി ചാന്‍സ് കിട്ടിയപ്പോള്‍, ഇവിടെയും തനിക്ക് മെയിന്‍ ഫ്രെയിം വേണം, ഹീറോയിന്‍ ട്രീറ്റ്മെന്റ് വേണം എന്ന് പറഞ്ഞാല്‍ അത് എങ്ങനെ സാധിക്കും ?.

നിങ്ങള്‍ എന്തിന് കമിറ്റ് ചെയ്‌തോ അത് തന്നെയല്ലേ ചെയ്യാന്‍ പറ്റൂ ?. അവളുടെ ബോയ്ഫ്രണ്ട് വിളിച്ച് പ്രൊഡക്ഷനില്‍ എല്ലാവരോടും ബഹളം വച്ചു. അവന്‍ സംസാരിക്കുന്നത് പ്രോപ്പര്‍ മലയാളം ആയതുകൊണ്ട് എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു. ഞാന്‍ നക്ഷത്രയോട് ഫോണ്‍ കൊടുത്തു സംസാരിക്കാന്‍ പറഞ്ഞു. അവള്‍ വളരെ ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അവന്‍ പണം വേണം എന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. അഭിനയിച്ച പണം നല്‍കിക്കഴിഞ്ഞു, ഇനി എന്ത് പണമാണ് ചോദിക്കുന്നത് ?. ഞാന്‍ 2017 മുതല്‍ ഒരു രൂപ പോലുമില്ലാതെ കഷ്ടപ്പെട്ട് ബില്‍ഡ് ചെയ്തതാണ് എന്റെ കരിയര്‍. അതിനെ ഒറ്റ സെക്കന്‍ഡ് കൊണ്ട് 'സ്‌കാമര്‍' എന്ന് വിളിച്ച് ഇല്ലാതാക്കാന്‍ നോക്കിയാല്‍ സഹിക്കില്ല. ഇപ്പോള്‍ ഞാന്‍ ഡിഫര്‍മേഷന്‍ കേസ് കൊടുക്കാന്‍ പോവുകയാണ്. ഇതിനൊക്കെ പ്രൂഫ് എന്റെ കയ്യിലുണ്ട്.

ഒരാള്‍ക്ക് അവസരം നല്‍കി ഇന്‍ട്രോഡ്യൂസ് ചെയ്യുമ്പോള്‍ അവരെ ഇത്രയും മോശമായി സംസാരിക്കുന്നത് ശരിയല്ല. എന്റെ കുട്ടിയെയും ഭാര്യയെയും വരെ മോശമായി കമന്റ് ബോക്‌സില്‍ ചീത്ത വിളിക്കുന്നു. ഇത് അന്യായമാണ്. പണം വാങ്ങി പറ്റിക്കുന്നതാണ് സ്‌കാം. ഇവിടെ പണം വാങ്ങിയത് അനുഗ്രഹയാണ്. പണം വാങ്ങിയില്ല എന്ന് അവളെക്കൊണ്ട് ഒരു വിഡിയോ ഇടാന്‍ പറയൂ. നന്ദി.' -വിജയകുമാര്‍ പറഞ്ഞു.

director vijay and anugraha s nambiar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES