സിനിമയായിരുന്നു ഷിജു രാജനെന്ന 25കാരന്റെ സ്വപ്നം. നാലു വര്‍ഷം മുമ്പ് സാന്ത്വനം എന്ന സൂപ്പര്‍ ഹിറ്റ് സീരിയലിന്റെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ പ്രതീക്ഷയോടെയായിരുന്നു ഷിജുവും തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറിയത്. പരമ്പരയുടെ മുന്‍നിരയില്‍ മാത്രമല്ല, പിന്‍നിരയിലും പുത്തന്‍ താരങ്ങള്‍ അണിനിരന്ന പരമ്പരയായിരുന്നു അത്. അന്ന് വെറും 21 വയസ് മാത്രമായിരുന്നു അവന്റെ പ്രായം. തുടര്‍ന്ന് ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലും കന്യാദാനത്തിലും കനല്‍പ്പൂവിലും ക്യാമറാ അസിസ്റ്റന്റായി തിളങ്ങിയ ഷിജു ഇതിനോടകം തന്നെ നിരവധി സുഹൃത്തുക്കളേയും സ്വന്തമാക്കിയിരുന്നു.
ഷൂട്ടിംഗിനിടയിലെ ഒഴിവുവേളകളിലെല്ലാം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഷിജു ഏറ്റവും അധികം പ്രണയിച്ചത് സ്വന്തം ക്യാമറയെ തന്നെ ആയിരുന്നു. നാട്ടിലെത്തുമ്പോള്‍ പ്രിയപ്പെട്ടവരുടെയെല്ലാം ചിത്രം പകര്‍ത്തിയും അതു സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുവാനും ഷിജു മറന്നിരുന്നില്ല. അതുകൊണ്ടു തന്നെ അവനെ പോലെ തന്നെ അവന്റെ നാടും പ്രിയപ്പെട്ടവരുമെല്ലാം താരസുഹൃത്തുക്കള്‍ക്കും പരിചിതമായിരുന്നു.
ആ സാഹചര്യത്തിലാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഷിജുവിനും അമ്മയ്ക്കും ജീവന്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്ത സ്വന്തം കുടുംബത്തിലെ വിയോഗം പോലെ തന്നെ ഷിജുവിന്റെ താരസുഹൃത്തുക്കള്‍ക്കും വേദനയായി പടര്‍ന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മാംഗല്യത്തിലും സൂര്യാ ടിവിയിലെ കനല്‍പ്പൂവിലും ഒക്കെയാണ് ഷിജു അവസാനമായി ക്യാമറാ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നത്. രണ്ടു പരമ്പരകളുടെയും ഷൂട്ടിംഗ് അവസാനിപ്പിച്ച് രണ്ടു നാള്‍ മുന്നേയാണ് ഷിജു വീട്ടിലേക്ക് തിരിച്ചെത്തിയത്.
പിന്നാലെ വയനാട്ടില്‍ കനത്ത മഴ പെയ്യുമെന്ന ജാഗ്രതാ നിര്‍ദ്ദേശവും വന്നു. തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗ് കഴിഞ്ഞ് ട്രെയിനിലാണ് ഷിജു കോഴിക്കോടേക്ക് എത്തിയത്. ചിലപ്പോള്‍ ബസിനാണ് എത്തുക. ഇക്കുറി ട്രെയിനിന് കോഴിക്കോട് ഇറങ്ങി ബസ് കയറിയാണ് നാട്ടിലേക്ക് എത്തിയത്.
വീട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലും മറ്റുമായിരുന്നു ഷിജു ഉണ്ടായിരുന്നത്. എല്ലാം കഴിഞ്ഞ് നാട്ടിലെത്തിയാല്‍ ഷൂട്ടിംഗിനിടെ എടുത്ത ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. അങ്ങനെ നാലു ദിവസം മുമ്പിട്ട ചിത്രങ്ങളും വീഡിയോകളുമാണ് താരങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ഇപ്പോള്‍ വേദനയായി മാറുന്നത്. കൂലിപ്പണിക്കാരനായ ഷിജുവിന്റെ അച്ഛന്‍ രാജന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ജോലിയ്ക്ക് പോയിരുന്നില്ല. അമ്മ മരുതായ് കാന്‍സര്‍ രോഗ ബാധിതയും ആയിരുന്നു. വീട്ടില്‍ മുത്തശ്ശിയും ചേട്ടന്‍ ജിനുവും ഭാര്യ പ്രിയങ്കയും അനുജത്തി ആന്‍ഡ്രിയയും ആയിരുന്നു ഉണ്ടായിരുന്നത്. ഒരു ചേട്ടന്‍ ജിഷ്ണു വിദേശത്തും ഒരു സഹോദരന്‍ ജിബിന്‍ സമീപത്തെ റിസോര്‍ട്ടില്‍ ജോലിയ്ക്കും പോയിരിക്കുകയായിരുന്നു. വീട്ടില്‍ നില്‍ക്കുന്നത് പന്തിയല്ലെന്ന് മനസിലായതോടെ ബന്ധുവിന്റെ വീട്ടിലേക്ക് മാറിയെങ്കിലും അവിടെയും ദുരന്തം എത്തുകയായിരുന്നു.
മുണ്ടക്കൈയിലും ചുരല്‍മലയിലും തെരച്ചില്‍ തുടരുന്ന സൈന്യവും എന്‍ഡിആര്‍എഫ് സംഘങ്ങളും ഇപ്പോഴും മണ്ണിനടിയില്‍പെട്ട നൂറു കണക്കിനു പേരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിനിടെയാണ് മാംഗല്യം സീരിയലിലെ അണിയറ പ്രവര്‍ത്തകനും ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്ത എത്തിയത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലെ താരങ്ങള്‍ പ്രിയപ്പെട്ടവന്റെ ചിത്രം പങ്കുവച്ചുള്ള ആദരാഞ്ജലി കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചപ്പോഴാണ് മറ്റുള്ളവരും ഇക്കാര്യം അറിഞ്ഞത്. 25 വയസ് മാത്രമായിരുന്നു ഷിജുവിന്.
ഉരുള്‍പ്പൊട്ടല്‍ ദുരന്തം അപ്പാടെ വിഴുങ്ങിയ മുണ്ടക്കൈ പുഞ്ചിരിവട്ടത്താണ് ഷിജുവിന്റെ വീട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ലോണെടുത്തും സര്‍ക്കാര്‍ സഹായത്താലും മക്കളെല്ലാവരും ചേര്‍ന്ന് പുതിയ വീട് നിര്‍മ്മിച്ചത്. രണ്ടു വര്‍ഷം മുമ്പ് പുത്തുമലയിലുണ്ടായ ദുരന്തത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു പോയിരുന്നു. വീണ്ടും സര്‍ക്കാര്‍ സഹായവും കടംവാങ്ങിയും കേടുപാടുകള്‍ തീര്‍ത്തെങ്കിലും വീടുപണി വരുത്തിവച്ച സാമ്പത്തിക ബാധ്യതയ്ക്കിടയിലാണ് വീണ്ടും ദുരന്തമുണ്ടായത്. മൂന്നു മാസം മുമ്പായിരുന്നു ചേട്ടന്‍ ജിനു വിവാഹിതനായത്. ഭാര്യ പ്രിയങ്ക ഗര്‍ഭിണിയുമായിരുന്നു. സ്വന്തം വീട്ടിലായിരുന്ന പ്രിയങ്ക രണ്ടു നാള്‍ മുന്നേയാണ് പുഞ്ചിരിവട്ടത്തെ ഭര്‍തൃവീട്ടിലേക്ക് തിരിച്ചെത്തിയത്.
ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി':ഷിജുവിന് ആദരാഞ്ജലി അര്‍പ്പിച്ച് സീമാ ജി നായര്‍
ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തിയെന്നും ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തിയെന്നും സീമ കുറിച്ചു.ഷിജുവിന്റെ അയല്‍ക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവര്‍ത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ട ആശ്വാസ വാര്‍ത്തയും പങ്കുവെക്കുന്നു. പ്രണവിന്റെ വീട്ടുകാര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്'- എന്നായിരുന്നു ഫെഫ്കയുടെ കുറിപ്പ്...
ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ട് . കനത്ത പ്രകൃതി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ ജേഷ്ഠനും മകളും ചികിത്സയിലാണ് . ഷിജുവിന്റെ അച്ഛനുള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ.്
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഷിജുവിന്റെ അയല്‍ക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവര്‍ത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.