Latest News

പോസ്റ്ററിലും പ്രമോഷനിലും പ്രാധാന്യം നല്‍കണം; എഡിറ്റ് ചെയ്ത ഭാഗം തന്നെ കാണിക്കണം;  നിര്‍മ്മാതാവ് സോഫിയ പോളിന് ഷെയ്ന്‍ നിഗം അയച്ച കത്ത് പുറത്ത്; അമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയെന്നും മൂന്നിലൊരാളാകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നതായും നടന്‍; അമ്മയില്‍ അംഗത്വത്തിന് അപേക്ഷിച്ച് ശ്രീനാഥ് ഭാസി

Malayalilife
പോസ്റ്ററിലും പ്രമോഷനിലും പ്രാധാന്യം നല്‍കണം; എഡിറ്റ് ചെയ്ത ഭാഗം തന്നെ കാണിക്കണം;  നിര്‍മ്മാതാവ് സോഫിയ പോളിന് ഷെയ്ന്‍ നിഗം അയച്ച കത്ത് പുറത്ത്;  അമ്മയോട് ബഹുമാനമില്ലാതെ പെരുമാറിയെന്നും മൂന്നിലൊരാളാകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നതായും നടന്‍; അമ്മയില്‍ അംഗത്വത്തിന് അപേക്ഷിച്ച് ശ്രീനാഥ് ഭാസി

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഷെയ്ന്‍ നിഗത്തിന്റെ ഇ മെയില്‍ സന്ദേശം പുറത്ത്. പ്രൊഡ്യൂസര്‍ സോഫിയ പോളിന് അയച്ച മെയിലാണ് പുറത്തു വന്നിരിക്കുന്നത്. ഷെയ്ന്‍ നിഗമിനേയും മറ്റും പിന്തുണച്ച് സോഷ്യല്‍ മീഡിയാ കാമ്പൈനുകള്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് ഇമെയില്‍ പുറത്തു വരുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്നും താനായിരിക്കണം ഫൈനല്‍ കട്ടില്‍ പ്രധാന കഥാപാത്രമെന്നും മെയിലില്‍ ഷെയ്ന്‍ ആവശ്യപ്പെടുന്നുണ്ട്. എഡിറ്റ് ചെയ്ത ഭാഗം തന്നെ കാണിക്കണമെന്നും ഷെയ്‌നിന്റെ മെയിലില്‍ പറയുന്നു. ഷെയ്ന്‍ കാരണം ഷൂട്ടിങ് തടസപ്പെട്ടുവെന്ന് സോഫിയ പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയിലാണ് തെറ്റു തിരുത്തലിന്റെ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയത്.

സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിനെതിരേ താരസംഘടനയായ 'അമ്മ'യെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം ചര്‍ച്ച പുതിയ തലത്തിലെത്തിക്കുകയാണ്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഷെയ്ന്‍ പറഞ്ഞു. ആരോപണങ്ങള്‍ മനോവിഷമമുണ്ടാക്കി. എഡിറ്റ് കാണണമെന്ന് പറഞ്ഞിട്ടില്ല. മൂന്ന് അഭിനേതാക്കള്‍ ഈ സിനിമയിലുണ്ട്. മൂന്നിലൊരാളാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു.

 എന്നാല്‍ സംവിധായകന്‍ പറഞ്ഞത്, തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന്. താന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാത്രമാണ് നായകന്‍ എന്നാണ്. പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതില്‍ സംശയം വന്നു. തുടര്‍ന്ന് സംവിധായകനോട് അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്.

പണം കൂടുതല്‍ ചോദിച്ചുവെന്ന ആരോപണത്തിനും ഷെയ്ന്‍ മറുപടി പറഞ്ഞു. സിനിമയ്ക്ക് വേണ്ടി താന്‍ നല്‍കിയ സമയം നീണ്ടുപോയി. അതിനാല്‍ ആര്‍.ഡി.എക്‌സിന് ശേഷം താന്‍ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രം നീണ്ടുപോയി. അതിനാല്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കേണ്ടിവന്നു. നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടര്‍ന്നാണ് അമ്മ ക്ഷോഭിച്ചതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. 

ഇതിന് പിന്നാലെയാണ് ആര്‍.ഡി.എക്സ് സിനിമയുടെ നിര്‍മ്മാതാവ് സോഫിയ പോളിന് ഷെയ്ന്‍ അയച്ച വിവാദ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നത്. ആര്‍.ഡി.എക്സ് സിനിമയില്‍ തന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നാണ് ഷെയിനിന്റെ നിബന്ധന. ചിത്രത്തില്‍ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അനാവശ്യമായി സിനിമയുടെ സാങ്കേതിക കാര്യങ്ങളിലുള്‍പ്പെടെ ഇടപെടുന്നു, കൃത്യമായി ഷൂട്ടിങ്ങിനെത്തുന്നില്ല തുടങ്ങി ഏതാനും യുവതാരങ്ങള്‍ക്കെതിരെയും സിനിമാ സംഘടനകള്‍ക്ക് പരാതി ലഭിച്ചിരുന്നു. നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസമാണ് സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഷൂട്ടിങ്ങ് സെറ്റില്‍ മയക്കുമരുന്ന് സ്വാധീനം വര്‍ധിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം താര സംഘടനകള്‍ സഹകരിക്കില്ലെന്ന് കണ്ടതോടെ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി അപേക്ഷ നല്‍കി. വിവാദത്തില്‍ ശ്രീനാഥിനെ താരസംഘടന പൂര്‍ണ്ണമായും കൈയൊഴിഞ്ഞിരുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ തീരുമാനമെടുക്കുക.

നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിലര്‍ ഒരിടത്തും അംഗത്വമെടുക്കാതെ സംഘടനയെ വെല്ലുവിളിക്കുകയാണ്. നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി അമ്മയിലെ അംഗത്വ നമ്പര്‍ നിര്‍ബന്ധമാക്കുമെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, താരസംഘടനയായ 'അമ്മ', സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക എന്നിവരുടെ സംയുക്തയോഗത്തിലായിരുന്നു തീരുമാനം.

shane nigams letter to amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES