തെന്നിന്ത്യന്‍ സിനിമകളില്‍ ഇന്ന് ബോക്‌സ് ഓഫീസ് മൂല്യമുള്ള ചുരുക്കം നായികമാരിലൊരാളാണ് സമാന്ത. കരിയറില്‍ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന സമാന്തയ്ക്ക് കൈ നിറയെ അവസരങ്ങളാണ്.കരിയറിനപ്പുറം വ്യക്തി ജീവിതത്തില്‍ ഒട്ടനവധി പ്രതിസന്ധികള്‍ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. നടന്‍ നാ?ഗചൈതന്യയുമായുള്ള വിവാഹ മോചനമുണ്ടാക്കിയ മാനസികാഘാതം മാറുന്നതിനിടെയാണ് മയോസിറ്റിസ് എന്ന അസുഖം സമാന്തയ്ക്ക് ബാധിച്ചത്. ഇപ്പോളിതാ വിവാഹ മോചനത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും നടി തുറന്ന് പറയുകയാണ്.
'പുഷ്പ' സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു സാമന്തയുടെ ഐറ്റം ഡാന്‍സ്. നായികയായ എത്തിയ രശ്മികയ്ക്കൊപ്പം തന്നെ സാമന്തയുടെ കാമിയോ റോളും ശ്രദ്ധ നേടിയിരുന്നു. 'ഊ അണ്ടവാ' എന്ന ഗാനരംഗത്തിലാണ് സാമന്ത എത്തിയത്.വിവാഹമോചനം കഴിഞ്ഞിരിക്കുന്ന സമയത്താണ് സാമന്ത ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ ഗാനത്തില്‍ താന്‍ അഭിനയിക്കുന്നത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും ഇഷ്ടമല്ലായിരുന്നു, വീട്ടില്‍ അടങ്ങിയിരിക്കാനാണ് അവര്‍ പറഞ്ഞത് എന്നാണ് സാമന്ത ഇപ്പോള്‍ പറയുന്നത്.
പുഷ്പയിലെ ഗാനം അവതരിപ്പിക്കാനുള്ള ഓഫര്‍ വന്നത് വിവാഹമോചനത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടയിലായിരുന്നു. വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് വീട്ടിലിരിക്കാനും ഇങ്ങനെയൊരു പാട്ടിന് വേണ്ടി നൃത്തം ചെയ്യരുത് എന്നുമായിരുന്നു.
വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കള്‍ വരെ ഇക്കാര്യമാണ് ആവശ്യപ്പെട്ടത്. പക്ഷേ ചെയ്യും എന്നായിരുന്നു തന്റെ നിലപാട്. എന്തുകൊണ്ട് ഒളിച്ചിരിക്കണം എന്നുമാത്രമാണ് ആ സമയത്ത് ചിന്തിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിവാഹ ജീവിതത്തില്‍ തന്റെ 100 ശതമാനവും നല്‍കി.
പക്ഷേ ശരിയായില്ല. പാട്ടിന്റെ വരികള്‍ ആകര്‍ഷിച്ചിരുന്നു. പിന്നെ കരിയറില്‍ ഇങ്ങനെയൊരു നൃത്തരംഗം ചെയ്തിട്ടുമില്ലായിരുന്നു. ആ സിനിമയിലെ മറ്റൊരു കഥാപാത്രത്തെ പോലെയാണ് ആ ഗാനരംഗത്തെ കണ്ടത്, അല്ലാതെ ഐറ്റം നമ്പറായല്ല എന്നാണ് സാമന്ത ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിരിക്കുന്നത്.
സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്നും സാമന്ത പറഞ്ഞു.'സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.അതിന് ഒരു പുരുഷന് സ്ത്രീയെ സ്‌നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്റെ സുഹൃത്തുക്കളുടെ സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.
ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല' -സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് സാമന്ത പ്രതികരിച്ചു.
തന്റെ ജോലിയാണ് ഇക്കാലമത്രയും പിന്തുണയായി നിന്നതെന്നും അതിലേക്ക് തിരികെ എത്താനായി താന്‍ കഠിനമായി പോരാട്ടം നടത്തുകയായിരുന്നുവെന്നും സാമന്ത പറഞ്ഞു. ചികിത്സ സംബന്ധിച്ച് അഭിനയത്തില നിന്ന് ഇടവേളയെടുത്ത് മാറിനിന്ന തന്നെ ക്ഷമയോടെ കാത്തിരുന്ന ശാകുന്തളം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് താരം നന്ദി പറയുന്നുണ്ട്. താന്‍ കടന്നുപോകുന്നത് എന്തിലൂടെയാണെന്ന് മനസ്സിലാക്കുകയും ക്ഷമയോടെ തന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയുമായിരുന്നു അവര്‍ ചെയ്തത്.
താന്‍ രോഗത്തോട് നടത്തിയ കഠിന പോരാട്ടത്തെക്കുറിച്ചും സാമന്ത പറയുന്നുണ്ട്. ഒരു ദിവസവും സമാനമല്ല, എല്ലാ ദിവസവും വ്യത്യസ്തമായിരുന്നു. ഉയര്‍ച്ചകളും താഴ്ചകളും വളരെ മോശം താഴ്ചകളുമെല്ലാം ഉണ്ടാവും. കഠിനമായ കാലം ഇതിനകം ഉണ്ടായെന്നും ജീവിതം പഠിപ്പിക്കേണ്ടതെല്ലാം പഠിപ്പിച്ചുവെന്നും വേണ്ടത്ര വളര്‍ന്നുവെന്നുമൊക്കെ കരുതിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ എട്ടുമാസമാണ് ഒരു വ്യക്തി എന്ന നിലയില്‍ താന്‍ ആരാണെന്നും യഥാര്‍ഥ മാനസിക ബലം എന്താണെന്നും തനിക്ക് കാണിച്ചു തന്നത്-സാമന്ത പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ആശുപത്രിയില്‍ നിന്നുളള ഒരു ഫോട്ടോ പങ്കുവെച്ച് സാമന്ത രോഗവിവരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പ്രേക്ഷകരുടെ സ്നേഹമാണ് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുളള കരുത്ത് നല്‍കുന്നതെന്ന് പറഞ്ഞാണ് താരം അസുഖവിവരത്തെക്കുറിച്ച് പങ്കുവെച്ചത്.
ശാകുന്തളം ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം<
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ശാകുന്തളം.
ചിത്രത്തില്‍ നടി സാമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.