മാമാങ്കം സിനിമയുടെ സംവിധായക ചുമതലയിൽ നിന്ന് സജീവ് പിള്ളയെ പൂർണമായി ഒഴിവാക്കി. നിർമ്മാതാവ് വേണു കുന്നപ്പിള്ളി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംവിധായകന്റെ പരിചയക്കുറവിൽ വൻ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകൻ എം.പത്മകുമാർ മാമാങ്കം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമ്മാതാവുമായുള്ള തർക്കം ഒത്തുതീർപ്പിലെത്താതെ വന്നതോടെയാണ്, സജീവ് പിള്ള ഇപ്പോൾ പൂർണമായി മാമാങ്കത്തിന് പുറത്തായത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദം മലയാള സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 12 വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ്് സജീവ് പിള്ള ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. മുഖ്യനടൻ മമ്മൂട്ടി അടക്കമുള്ളവർ ഔട്ട്സ്റ്റാൻഡിങ് എന്നാണ് തിരക്കഥയെ വിശേഷിപ്പിച്ചത്. എന്നാൽ ചിത്രത്തിന്റെ ആദ്യ രണ്ടുഷെഡ്യൂളുകൾ പൂർത്തിയായപ്പോൾ നിർമ്മാതാവും സജീവും തമ്മിൽ സ്വരച്ചേർച്ചയില്ലാതായി. സംവിധായകപ്പണി സജീവിന് അറിയില്ലെന്നായി നിർമ്മാതാവ് വേണു. ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.
സിനിമയുടെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം സജീവ് ഇല്ലാതെ പുനരാരംഭിച്ചു. സംവിധായകൻ എം. പത്മകുമാറിനാണ് ഇപ്പോൾ മേൽനോട്ടം. അതിനിടെ സജീവിന് നേരേ ചില ഭീഷണികളും ഉയർന്നിട്ടുണ്ട്. നിർമ്മാതാവ് വേണു കുന്നപള്ളി, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം എംപ്ലോയീസ് ഫേഡറേഷൻ ഓഫ് കേരള എന്നിവരുമായുള്ള കൂടിക്കാഴ്ച ഒത്തുതീർപ്പാകാതെ വന്നതിനെ തുടർന്നാണ് ഭീഷണി ഉയർന്നത്.
ജനുവരി 18 നായിരുന്നു സംഭവം. സജീവിന്റെ തിരുവനന്തപുരം വിതുരയിലെ താമസസ്ഥലത്തിന് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ വാനിൽ എത്തിയ ഒരുസംഘം മേൽവിലാസം അന്വേഷിച്ചു. സജീവിന് അങ്കമാലിയിൽ ഒരു വസ്തുതർക്കകേസുണ്ടെന്നും അതിന്റെ പേരിലാണ് വിലാസം അന്വേഷിക്കുന്നതെന്നുമാണ് പോസ്റ്റ് ഓഫീസിൽ ധരിപ്പിച്ചത്. ഒരുപോസ്റ്റ് മാൻ സംഘത്തെ സജീവിന്റെ വീട് കാണിച്ചുകൊടുത്തു. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ സജീവ് വീട്ടിലില്ലെന്നും ഫോൺ നമ്പർ വേണമെന്നും പറഞ്ഞ് സംഘം പോസ്റ്റ്മാനെ വീണ്ടും വിളിച്ചു. പന്തികേട് തോന്നിയ പോസ്റ്റ്മാൻ സജീവിനെ വിവരം വിളിച്ചുപറയുകയായിരുന്നു.
ഈ സംഘവുമായി ബന്ധപ്പെടാൻ സജീവ് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തനിക്ക് അങ്കമാലിയിലോ എറണാകുളത്തോ സ്ഥലമില്ലെന്നും അതുകൊണ്ട് തന്നെ സംഘത്തിന്റെ വരവ് സംശയകരമാണെന്നും സജീവ് പറയുന്നു. നിർമ്മാതാവുമായി നടന്ന യോഗത്തിൽ തന്നെ മലയാള സിനിമയിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും എറണാകുളം ജില്ലയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ഒരാൾ ഭീഷണി മുഴക്കിയതായി സജീവ് പറയുന്നു. ഇതേ തുടർന്ന് സജീവിന്റെ അച്ഛൻ അയ്യപ്പൻ പിള്ള ഭീഷണിയുമായി ബന്ധപ്പെട്ട് വിതുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഘത്തിന്റെ ഫോൺ നമ്പറുകൾ ട്രേസ് ചെയ്യാനും ശ്രമം തുടരുന്നു.
സിനിമയുടെ നിർമ്മാണ ടീമുമായി ബന്ധപ്പെട്ടയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സംഘം വന്ന വാനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാഹനം സമീപത്തെ കടകളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തന്നെ ടാർജറ്റ് ചെയ്യാനും വിരട്ടാനുമുള്ള തന്ത്രമാണിതെന്ന് അദ്ദേഹം സംശയിക്കുന്നു. ഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രിക്കും സജീവ് പരാതി നൽകിയിട്ടുണ്ട്. അതേസമയം സിനിമയിൽ നിന്ന് സജീവിനെ പുറത്താക്കിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് നിർമ്മാതാവ് വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. സജീവ് ഉന്നയിച്ച വാദങ്ങൾക്ക മറുവാദമാണ് ഇവർ ഉയർത്തുന്നത്. തങ്ങൾ ഇത് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സജീവ് തങ്ങളെ നിർബന്ധിതരാക്കുകയായിരുന്നുവെന്നും അവർ ന്യായീകരിക്കുന്നു. സംവിധായകനെന്ന നിലയിൽ സജീവിന് കാര്യക്ഷമത പോരെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മാറ്റി നിർത്തുന്നതെന്നാണ് വാദം. എം.പത്മകുമാറിനെ സഹായത്തിനായി വിളിച്ചുവരുത്തിയെങ്കിലും താൻ തന്നെ സിനിമ സംവിധാനം ചെയ്യുമെന്ന നിലപാടിൽ സജീവ് ഉറച്ചുനിന്നതോടെ ഒത്തുതീർപ്പ് സംഭാഷണം പൊളിയുകയായിരുന്നു.
അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പൂർണമായി നിർമ്മാതാവിനെ പിന്താങ്ങുകയാണ്. സജീവ് ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ തങ്ങൾ കണ്ടുവെന്നും അവ നിരാശാജനകമാണെന്നുമാണ് അസോസിയേഷൻ അംഗമായ ജി.സുരേഷ് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സിനിമയുടെ എഡിറ്റർ ശ്രീകർ പ്രസാദും ഇക്കാര്യം ശരിവച്ചുവെന്ന് സുരേഷ് പറഞ്ഞു. 13.5 കോടി മുതൽമുടക്കിയ ചിത്രം ഉപേക്ഷിക്കാൻ നിർമ്മാതാവ് വേണു തയ്യാറല്ല. ആവശ്യം വന്നാൽ, സംവിധായകനെ നിർമ്മാതാവിന് നീക്കാമെന്ന് കരാറുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നു. അസോസിയേഷനും, ഫെഫ്കയും നടത്തിയ അനുരഞ്ജന ചർച്ചയിൽ സജീവിനെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു വേണു. എന്നാൽ, സജീവിനെ നിലനിർത്തിക്കൊണ്ടുതന്നെ എം.പത്മകുമാറിനെ വച്ച് ചിത്രം പൂർത്തിയാക്കാമെന്നുമായിരുന്നു അനുരഞ്ജന നിർദ്ദേശം. എന്നാൽ, താൻ സ്വന്തമായി ചിത്രം ചെയ്യുമെന്ന നിലപാടിൽ സജീവ് ഉറച്ചുനിന്നതോടെ ചർച്ച പൊളിഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിങ് കണ്ണൂരിലെ കണ്ണോത്ത് പുനരാരംഭിച്ചിട്ടുണ്ട്. പത്മകുമാർ ചിത്രത്തിന്റെ സംവിധാന ചുമതല ഏറ്റെടുത്തു. തന്നെ ചിത്രത്തിൽ നിന്ന് പൂർണമായി ഒഴിവാക്കിയതായി കാട്ടി വാർത്താക്കുറിപ്പ് ഇറക്കിയതോടെ, മറുപടി തയ്യാറാക്കുന്ന തിരക്കിലാണ് സജീവ് പിള്ള. നിർമ്മാതാക്കൾ ഉന്നയിച്ച ഓരോ വിഷയത്തിനും താൻ മറുപടി നൽകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. പത്മകുമാറിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ലെന്നും സജീവ് പറഞ്ഞു.
അതേസമയം, മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി രംഗത്തെത്തി. സംവിധായകന്റെ പരിചയക്കുറവിൽ വൻ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നും വേണു കുന്നപ്പിള്ളി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മാമാങ്കം സിനിമയുടെ പേരിൽ സജീവ് എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകൾ നടത്തിയാൽ അതിനു കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ലെന്നും മലയാളത്തിലെ ഏറ്റവും പരിയസമ്പന്നരായ സംവിധായകരിലൊരാളായ എം.പത്മകുമാർ മാമാങ്കം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിലുള്ള ഒരു ചിത്രം മലയാളികൾക്കായി സമർപ്പിക്കാനാവും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വെച്ചു.