മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴി എന്ന ചിത്രത്തില്‍ നിന്ന് ജോജു ജോര്‍ജ് പിന്‍മാറിയെന്നും പകരം സംവിധായകന്‍ തന്നെ ആ വേഷം ഏറ്റെടുത്തുവെന്നും വാര്‍ത്തകള്‍ വന്നത് രണ്ട് ദിവസം മുമ്പാണ്. എന്നാല്‍ ജോജു ജോര്‍ജിന്റെ പിന്മാറാനുള്ള കാരണം റോഷന്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
പ്രതിഫല പ്രശ്നമാണ് ചിത്രത്തില്‍ നിന്നും പിന്മാറാകാന്‍ പ്രേരകമായത്. 'ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ സിനിമയ്ക്ക് ചേരുന്നതായിരുന്നില്ല. ഞാന്‍ എന്റെ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കാണ് പ്രതിഫലം നിശ്ചയിക്കുന്നത്, താരങ്ങള്‍ക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാനാണ് കൂടുതല്‍ ഇഷ്ടം.' റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
പ്രതിനായക വേഷമാണ് റോഷന്‍ കൈകാര്യം ചെയ്യുക.മഞ്ജുവാരിയര്‍ നായികയായ ചിത്രത്തില്‍ ആന്റപ്പന്‍ എന്ന കഥാപാത്രമായാണ് റോഷന്‍ അഭിനയിക്കുക. ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു വേഷം ചെയ്യാന്‍ നിവിന്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു. പക്ഷേ അന്ന് അത് ചെയ്യാന്‍ കഴിഞ്ഞില്ല- റോഷന്‍ പറയുന്നു.ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഉണ്ണി ആറിന്റെ നോവല്‍ പ്രതി പൂവന്‍കോഴി'യാണ് സിനിമയാകുന്നത്. ഉണ്ണി തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്.