വലിയ കൊട്ടും ബഹളവുമില്ലാതെ തിയറ്ററുകളിലെത്തിയ ചില ചിത്രങ്ങള്‍ വമ്പന്‍ ജനപ്രീതി നേടുന്നതിന് കഴിഞ്ഞ വര്‍ഷം മലയാള സിനിമ സാക്ഷ്യം വഹിച്ചിരുന്നു. ജയ ജയ ജയ ജയ ഹേ, മാളികപ്പുറം തുടങ്ങിയവ അതിന് ഏതാനും ചില ഉദാഹരണങ്ങള്‍. ഇപ്പോഴിതാ ഈ വര്‍ഷവും അത്തരത്തിലൊരു ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയം നേടുകയാണ്.
നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തില്‍ എത്തിയ രോമാഞ്ചമാണ് ആ ചിത്രം. ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ ഏറ്റവുമധികം പ്രേക്ഷകരെ എത്തിച്ച മലയാള ചിത്രം ഇതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ 10 ദിനങ്ങളിലെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ശനി, ഞായര്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ മാത്രം പരിശോധിച്ചാല്‍ ചിത്രം നാലര കോടിയ്ക്ക് മുകളില്‍ വാരിക്കൂട്ടിയതായാണ് വിവരം. കേരളത്തില്‍ നിന്ന് മാത്രം ചിത്രത്തിന്റെ ആകെ കളക്ഷന്‍ 14.5 കോടി മുതല്‍ 20 കോടി രൂപ വരെ വരുമെന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ വെളിപ്പെടുത്തുന്നത്. ഫെബ്രുവരി മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം ചിരി പടര്‍ത്തി കാണികളെയാകെ ആകര്‍ഷിച്ച് മികച്ച കളക്ഷന്‍ നേട്ടം തുടരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയ വെബ് സീരിസ് എന്നിവയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരായ താരങ്ങള്‍ സൗബിന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചെറിയ ചിത്രം.
2007ല്‍ ബംഗളൂരുവില്‍ ഒരുമിച്ചു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും ഓജോ ബോര്‍ഡ് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും കാണികളില്‍ ചിരി ഉണര്‍ത്തുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ഈ വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററിലെത്തിച്ച ചിത്രമാണ് റിപ്പോര്‍ട്ട് പ്രകാരം രോമാഞ്ചം.
ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തില്‍ ചെമ്പന്‍ വിനോദ്, സജിന്‍ ഗോപു, എബിന്‍ ബിനോ, ജഗദീഷ്, അനന്തരാമന്‍, സിജു സണ്ണി, അസിം ജമാല്‍, ശ്രീജിത് നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം സനു താഹിര്‍. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സിന്റെയും ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ് സിന്റെയും ബാനറില്‍ ജോണ്‍ പോള്‍ ജോര്‍ജും ഗിരീഷ് ഗാംഗാധരനും ചേര്‍ന്നാണ് നിര്‍മ്മാണം .വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്.