ആറു മാസം മുമ്പാണ് നടന്‍ റിയാസ് ഖാന്റെ മകനും നടനുമായ ഷാരിഖ് ഹസന്‍ വിവാഹിതനായത്. വിവാഹമോചിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ മരിയ ജെനിഫര്‍ എന്ന യുവതിയെ ആണ് ഷാരിഖ് ഏറെക്കാലത്തെ പ്രണയത്തിനു ശേഷം സ്വന്തമാക്കിയത്. വിവാഹ വീഡിയോകളിലൂടനീളം മകളെ ഒപ്പം കൂട്ടി അവള്‍ക്കു കിട്ടാതായ അച്ഛന്റെ സ്നേഹം മുഴുവന്‍ നല്‍കിയാണ് ഷാരിഖ് മരിയയ്ക്കും മകള്‍ക്കും ഒപ്പം നിന്നത്.
ശേഷം മരിയയും ഷാരിഖും താമസിച്ചിരുന്ന ഫ്ളാറ്റിലേക്ക് തന്നെ മകളേയും കൊണ്ടുവരികയും ഇരുവരുടേയും ഹണിമൂണ്‍ യാത്രകളിലടക്കം മകളെ ഒപ്പം കൂട്ടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിടവെ മരിയ വീണ്ടും ഗര്‍ഭിണിയായിരിക്കുകയാണെന്ന സന്തോഷ വാര്‍ത്തയാണ് ഷാരിഖ് പങ്കുവച്ചിരിക്കുന്നത്.
ഷാരിഖും ഭാര്യയും ചേര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് തങ്ങളൊരു മാതാപിതാക്കളാവാന്‍ ഒരുങ്ങുകയാണെന്ന് സൂചിപ്പിച്ചത്. 'ഞങ്ങളുടെ പ്രണയകഥയ്ക്ക് പുതിയൊരു അധ്യായം കൂടി ലഭിച്ചു,' എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ഷാരിഖ് എഴുതിയത്. ശേഷം പ്രഗ്നന്റ് ആണെന്ന് സൂചിപ്പിക്കുകയും നിറവയറും സ്‌കാനിങ്ങുമൊക്കെ കാണിക്കുന്ന രീതിയിലാണ് വീഡിയോ എടുത്തിരിക്കുന്നത്. അതേ സമയം വീഡിയോ പുറത്ത് വന്നതോടെ താരദമ്പതിമാര്‍ക്ക് ആശംസകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. മാത്രമല്ല റിയാസ് ഖാന്റെ മുഖത്ത് നോക്കി ഇനി അപ്പൂപ്പാ എന്ന് വിളിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നതെന്നും ചിലര്‍ തമാശരൂപേണ ചോദിക്കുന്നു.
ഏറെ കാലം പ്രണയത്തിലായിരുന്ന ഷാരിഖും മരിയയും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു വിവാഹിതരാവുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരം വലിയ ആഘോഷത്തോടെയാണ് താരവിവാഹം നടത്തിയത്. ഏറെ കാലം ഷാരിഖിന്റെ സുഹൃത്തായിരുന്നു മരിയ. മരിയയുടേത് രണ്ടാം വിവാഹവും ഷാരിഖിന്റേത് ആദ്യ വിവാഹവുമാണെന്നത് ചില വിമര്‍ശനങ്ങള്‍ക്ക് കാരണമായി. മാത്രമല്ല ആദ്യബന്ധത്തിലെ മകളുടെ ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതോടെ ദമ്പതിമാരെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിച്ചു. അവിടെയെല്ലാം ഭാര്യയെ ചേര്‍ത്ത് പിടിക്കുകയാണ് താരപുത്രന്‍ ചെയ്തത്. ഇതൊക്കെ ഒരു ആകര്‍ഷണം തോന്നിയത് മാത്രമാണെന്നും കാര്യത്തോട് അടുക്കുമ്പോള്‍ കഥ മാറുമെന്നുമൊക്കെയാണ് ഇവരുടെ വിവാഹത്തെ കുറിച്ച് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.
ഇതോടെ ഷാരിഖും മരിയയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയും വിശദീകരണം നല്‍കുകയും ചെയ്തു. കണ്ട ഉടനെ തനിക്ക് മരിയയോട് ഇഷ്ടം വന്നുവെന്നാണ് ഷാരിഖ് പറഞ്ഞത്. മാത്രമല്ല നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്ന് പറയുന്നതിന് പകരം കല്യാണം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നും ജീവിതം മുഴുവന്‍ നിന്റെ കൂടെ ആയിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നുമാണ് പറഞ്ഞത്. ഷാരിഖിനെ ആരായാലും സ്‌നേഹിച്ച് പോകുമെന്നാണ് മരിയ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്.
'ഷാരിഖിനെ പോലെ ഒരാളെ ഞാനല്ല വേറെ ആരാണെങ്കിലും സ്നേഹിച്ചു പോകും. കാരണം അയാള്‍ അത്രയധികം സ്നേഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിനൊപ്പം വളരെ സേഫ് ആയിരിക്കും. എല്ലാ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതരായിരിക്കുക എന്നത് മാത്രമായിരിക്കും ലക്ഷ്യം. അതെല്ലാം ഒരു മനുഷ്യന്റെ അടുത്തുനിന്ന് കിട്ടുമ്പോള്‍ നമുക്ക് പിന്നെ സംശയിക്കാന്‍ ഒന്നുമില്ല. ഷാരിഖിന്റെ ലോകത്ത് ഞാന്‍ മാത്രമേയുള്ളൂ.' എന്നുമാണ് മരിയ പറഞ്ഞത്. മരുമകളായി വന്ന കുട്ടിയെ കുറിച്ചും മകന്റെ ജീവിതത്തെ പറ്റിയും റിയാസ് ഖാനും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ഉമ റിയാസും തുറന്ന് സംസാരിച്ചിരുന്നു.