നടന്‍ രജ്പാല്‍ യാദവിന്റെ കോടികള്‍ മൂല്യമുള്ള വസ്തു പിടിച്ചെടുത്ത് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലുള്ള നടന്റെ വസ്തുവാണ് ബാങ്ക് പിടിച്ചെടുത്തത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് കോടതി നടപടി എടുത്തത്.
പിതാവ് നൗരംഗ് യാദവിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ ഈട് വച്ച് ബാന്ദ്ര കുര്‍ള കോംപ്ലക്സിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയില്‍ നിന്നാണ് രാജ്പാല്‍ മൂന്ന് കോടി രൂപ വായ്പ എടുത്തത്. വായ്പ മുടങ്ങിയതോടെ തിരിച്ചടയ്ക്കേണ്ട ലോണ്‍ തുക 11 കോടിയായി.
ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഈ മാസം എട്ടാം തീയതി ഷാജഹാന്‍പൂരില്‍ എത്തി താരത്തിന്റെ വസ്തു സീല്‍ ചെയ്യുകയായിരുന്നു. ബോളിവുഡ് സിനിമകളില്‍ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് രാജ്പാല്‍ യാദവ്. ഹിന്ദി, മറാഠി, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിലായി 150ലേറെ ചിത്രങ്ങളില്‍ രാജ്പാല്‍ വേഷമിട്ടിട്ടുണ്ട്.
നേരത്തെയും ലോണ്‍ തിരിച്ചടക്കാത്തതിനാല്‍ രാജ്പാല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. 'അത പത ലാപത' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരു ന്നതിനെ തുടര്‍ന്നാണ് രാജ്പാല്‍ ജയിലില്‍ കിടക്കേണ്ടി വന്നത്.