തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. എന്നാല്‍ രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിക്കുകയുണ്ടായി. ആരോഗ്യ നില തൃപ്തികരമാണ്. കോവിഡില്ലെന്നും നിരീക്ഷണത്തില്‍ കഴിയുന്നത് തുടരുമെന്നും ആശുപത്രി അധികൃതര്‍ പറയുകയുണ്ടായി.
രണ്ടാഴ്ചയായി ഹൈദരാബാദിലാണ് രജനികാന്തുള്ളത്.168ാമത്തെ സിനിമ അണ്ണാത്തയുടെ അവസാന ഷെഡ്യൂള്‍ രാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ് ഇപ്പോള്‍. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കൊറോണ വൈറസ് പരിഗണിച്ചു പ്രത്യേക മുന്‍കരുതല്‍ നടപടികള്‍ എടുത്തായിരുന്നു നടന്നിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം നാല് യൂണിറ്റംഗങ്ങള്‍ക്കു കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രജനികാന്തിനു ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുകയുണ്ടായി. ഫലം നഗറ്റീവായതോടെ താരം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. ഇന്നലെ രാവിലെ രക്ത സമ്മര്‍ദത്തില്‍ വലിയ വ്യതിയാനം വന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു ഉണ്ടായത്.
അതിനിടെ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍, ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവ് എന്‍ ചന്ദ്രബാബു നായിഡു, പുതുച്ചേരി ഗവര്‍ണര്‍ തമിളിസൈ സൗന്ദര്‍രാജ്, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ താരത്തിന്റെ ആരോഗ്യ നില തിരക്കി ആശുപത്രിയുമായി ബന്ധപെട്ടു.