അഡാര്‍ ലൗ പുറത്തിറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരമാണ് നൂറിന് ഷെരീഫ്. ചിത്രത്തിലെ പാട്ടുകള്‍ ഇറങ്ങിയതിന് പിന്നാലെ ഹിറ്റായത് പ്രിയാ വാര്യര്‍ ആയിരുന്നെങ്കില്‍ ചിത്രം റിലീസ് ആയതിന് ശേഷം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് നൂറിനെയാണ്. സുന്ദരിയായ ഈ പെണ്‍കുട്ടി ഇത്രയും നാള് എവിടെയായിരുന്നു എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മലയാളികളുടെ പ്രിയങ്കരിയായി മാറിയ നൂറിന് ഷെറീഫ് ഇപ്പോള്‍ തന്റെ ഉമ്മയെ പറ്റി പറഞ്ഞാണ് വൈറലാകുന്നത്.
ആദ്യചിത്രം റിലീസ് ചെയ്യും മുമ്പുതന്നെ പരസ്യചിത്രങ്ങളിലൂടെയും ഡബ്സ്മാഷിലൂടെയും മറ്റും മലയാളികള്‍ക്ക് സുപരിചിതയാണ് നൂറിന് ഷെരീഫ്. ഇപ്പോള്‍ കൊല്ലത്ത് ഇന്റഗ്രേറ്റഡ് എം.ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് നൂറിന്. ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് നൂറിന്റെ സിനിമായരങ്ങേറ്റം. സിനിമയിലേക്കെത്താന് ഒരു വഴിയും ഉണ്ടായിരുന്നില്ല. കുടുംബത്തില്‍ ആരും സിനിമയിലില്ല. കുഞ്ഞിലേ തന്നെ അഭിനയിക്കണം എന്നുതന്നെയായിരുന്നു. ഇപ്പോഴും കണ്ണാടിയുടെ മുന്പില് നിന്ന് അവാര്‍ഡ് കിട്ടുമ്പോള്‍ എങ്ങനെ പ്രസംഗിക്കും എന്നൊക്കെ നോക്കാറുണ്ട്. ഒരു ഭാഗ്യം കിട്ടി. നല്ലൊരു മൂവിയുടെ ഭാഗമായി. പണ്ടൊക്കെ ഒരു സിനിമാനടിയാകണം എന്ന ആഗ്രഹമേയുള്ളൂ. അതൊരു സ്വപ്നംപോലെയാണ്. ഇപ്പോളിപ്പോള്‍ മറ്റുള്ളവര്‍ അഭിനയിക്കുന്നതൊക്കെ കൃത്യമായി നിരീക്ഷിക്കാന്‍ തുടങ്ങിയെന്നും താരം പറയുന്നു. തന്റെ ചുരുണ്ട മുടി ഒരു കാലത്ത് തനിക്കിഷ്ടമല്ലായിരുന്നെന്നാണ് നൂറിന് പറയുന്നത്. പണ്ട് മുടി സ്ട്രയ്റ്റന്‍ ചെയ്യണമെന്ന് പറഞ്ഞ് ബഹളമായിരുന്നു. എന്നാല്‍ ഇപ്പോ എന്നെ എല്ലാവരും ശ്രദ്ധിക്കുന്നത് മുടി കണ്ടാണ്. എന്റെ മുടി നല്ലതാണെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങി. സാധാരണയായി എന്റെ മുടി അഴിച്ചിട്ടാല്‍ കുറെ കളിയാക്കലുകള്‍ കേള്‍ക്കാറുണ്ട്. ചകിരി, ന്യൂഡില്‍സ് അങ്ങനെ എന്തൊക്കെയാണെന്നോ വിളിക്കുക. ആദ്യമൊക്കെ അതൊക്കെ കേട്ട് കരയുമായിരുന്നു എന്നും നൂറിന് പറയുന്നു.
ഉമ്മയാണ് താന്‍ സിനിമയിലെത്താന്‍ കാരണം എന്നാണ് നൂറിന് പറയുന്നത്. ഉമ്മയില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇവിടെ എത്തിപ്പെടില്ല. ഉമ്മ വളരെ ആക്ടീവാണ്. അവരുടെ കാലത്ത് ഇത്തരം എക്സ്പോഷറൊന്നും കിട്ടില്ല. അന്ന് ആളെക്കൊണ്ട് പറ്റാത്ത കാര്യങ്ങള്‍ ഇന്ന് എന്നെക്കൊണ്ട് പറ്റുന്നു. ഉമ്മയാണ് സിനിമായാത്രയില്‍ തന്റെ കൂട്ട്. ഉമ്മയുടെ ഫാഷന്‍ സെന്‍സ് എനിക്ക് കിട്ടിയിട്ടില്ലെന്നും നൂറിന് പറയുന്നു.. ഞാന്‍് സെലക്ട് ചെയ്യുന്ന സ്റ്റൈലുകളൊക്കെ എനിക്ക് ചേരാത്തതാകും. ആരെയെങ്കിലും കണ്ട് അതേ പോലെ പകര്‍ത്തിയാല്‍ അത് നമുക്ക് മാച്ചാകില്ലല്ലോ. മിക്കപ്പോഴും പെണ്‍കുട്ടികള്‍ ഏതെങ്കിലും നടിമാരുടെയൊക്കെ സ്റ്റൈല്‍ അതേപടി അനുകരിക്കുന്നത് കാണാറുണ്ട്. ആദ്യമൊക്കെ ഞാന്‍ അങ്ങനെയായിരുന്നു. പക്ഷേ പിന്നീടാണ് പലതും തനിക്ക് ചേരില്ലെന്ന് മനസിലായതെന്നും നൂറിന് പറയുന്നു. എവിടെപ്പോയാലും ഉമ്മ വരും. ഫ്രീയാണെങ്കില്‍ വാപ്പയുമുണ്ടാകും.
അതേസമയം ഇപ്പോഴും കുടുംബത്തില്‍ പലരും ഇപ്പോഴും താന്‍ സിനിമാനടിയായത് അംഗീകരിക്കുന്നില്ലെന്നാണ് നൂറിന് പറയുന്നത്. പലരും വിമര്‍ശിക്കാറുണ്ട്. പക്ഷേ എനിക്ക് അങ്ങനെയുള്ള പേടിയൊന്നുമില്ല. എന്റെ പേരന്റ്സ് എന്റെ കൂടെയുണ്ട്. എന്നെ അവര്‍ മനസ്സിലാക്കുന്നുണ്ട്. ആ പിന്തുണ മതിയല്ലോ നമുക്ക് എന്നും നടി പറയുന്നു. ഇനി നയന്‍താരയെ കാണണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും താരം പറയുന്നു.