ഗാനമേളയ്ക്കിടെ ഭോജ്പുരി ഗായിക നിഷാ ഉപാധ്യായക്ക് വെടിയേറ്റു. ബിഹാറിലെ സരണ്‍ ജില്ലയിലെ സെന്‍ന്ദുവരയില്‍ ചൊവ്വാഴ്ചയാണ് സംഭവം.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അപകടവിവരം പുറത്തറിയുന്നത്
ഇടത് തുടയില്‍ വെടിയേറ്റ നിഷ ഉപാധ്യായയെ പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ലിനു പരുക്കേറ്റിട്ടുണ്ട്. ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗായിക വേദിയില്‍ പാടുന്നതിനിടെ അജ്ഞാതരായ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ സംഘം സംഭവസ്ഥലത്തു നിന്നു കടന്നു കളയുകയും ചെയ്തു.
അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് അപകടവിവരം അറിഞ്ഞതെന്നും ജന്ത ബസാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നസറുദ്ദീന്‍ ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ബിഹാറിലെ അറിയപ്പെടുന്ന ഗായികയാണ് നിഷ. സരണ്‍ ജില്ലയിലെ ഗാര്‍ഖ ഗൗഹര്‍ ബസന്ത് സ്വദേശിനിയാണ്.