സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചു.മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രാവതരണം ജനുവരി 19 മുതല്‍ തിയേറ്ററുകളില്‍ കണ്ടാസ്വാദിക്കാവുന്നതാണ് എന്ന വാര്‍ത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് തീയതി മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന നാടക കലാകാരനായ ജെയിംസ് തമിഴ്‌നാടിലെ ഗ്രാമത്തില്‍ നിന്ന് കാണാതായ സുന്ദരം എന്ന വ്യക്തിയെ പോലെ അവിചാരിതമായി പെറുമാറി തുടങ്ങുന്നതാണ് ചിത്രത്തിന്റെ കഥാപ്രമേയം.
മമ്മൂട്ടിയുടെ സിനിമ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയത്.
ചിത്രം കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനം നടത്തിയതിന് ശേഷമാണ് തിയറ്ററുകളിലേക്കെത്തിക്കുന്നത്. ഐഎഫ്എഫ്കെയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഐഎഫ്എഫ്‌കെയുടെ മത്സരവിഭാഗത്തില്‍ തിരിഞ്ഞെടുത്ത ചിത്രം മേളയുടെ മൂന്ന് ദിവസങ്ങളിലായി പ്രദര്‍ശിപ്പിച്ചിരുന്നു. മമ്മൂട്ടി എല്‍ജെപി ചിത്രം കാണുന്നതായി നിരവധി പേരാണ് തിയറ്ററുകളില്‍ തടിച്ച് കൂടിയത്. നീണ്ട ക്യൂവായിരുന്നു പ്രദര്‍ശനം നടത്തുന്ന തിയറ്ററുകള്‍ക്ക് മുന്നില്‍ കാണപ്പെട്ടത്.
ചിത്രം തിയേറ്ററുകളില്‍ റിലീസ് നടത്താതെ ഒടിടി വഴിയായിരിക്കും ഇനി പ്രേക്ഷകരിലെത്തുക എന്നായിരുന്നു പല ആരാധകരും പ്രതീക്ഷിച്ചത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ പ്രീമിയര്‍ ഷോ നടത്തിയ ലിജോയുടെ ചിത്രമായ 'ചുരുളി' തിയേറ്റര്‍ കാണാതെ നേരെ ഒടിടി റിലീസ് നടത്തിയത് ആരാധകരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസമേകുന്ന രീതിയില്‍ ചിത്രത്തിന് റിലീസ് ഉണ്ടാകുമെന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു.
എല്‍ജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരന്‍പ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിര്‍വഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.