RRR സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാര്‍ തിളക്കത്തിലാണ്. സംഗീത സംവിധായകന്‍ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഗാനം ആലപിച്ച കാല ഭൈരവയും രാഹുല്‍ സിപ്ലിഗഞ്ജുമാണ് ഇന്ത്യയിലെ പുതിയ താരങ്ങള്‍. ഓസ്‌കാറില്‍ രിഹാന, ലേഡി ഗാഗ തുടങ്ങിയ വമ്പന്‍ താരങ്ങളോടാണ് ഇവര്‍ മത്സരിച്ചത്.
ഇപ്പോഴിതാ പോപ് ഗായിക സാക്ഷാല്‍ റിഹാനയെ നേരിട്ടു കാണാനും അല്‍പസമയം ചെലവഴിക്കാനും ചെയ്തതിന്റെ ആവേശത്തിലാണ് കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ജും. ഇരുവരും റിഹാനയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗായികയെ നേരിട്ടു കണ്ടതിന്റെ സന്തോഷമാണ് കാലഭൈരവ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്. സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷം എന്നാണ് രാഹുല്‍ റിഹാനയ്ക്കൊപ്പമുളള ചിത്രത്തിന് ഒപ്പം കുറിച്ചത്. ഓസ്‌കാര്‍ നേടിയതിനു പിന്നാലെ റിഹാന നേരിട്ട് അഭിനന്ദിച്ചുവെന്നും രാഹുല്‍ കുറിച്ചു.
റിഹാനയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടതോടെ ഇന്ത്യയിലെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. ഇനി റിഹാനയ്ക്കൊപ്പം ഒരു കൊളാബറേഷന്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.