കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികള്‍ക്ക് പരിചിതമായ നടിയാണ് അംബിക റാവു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളില്‍ തിളങ്ങുന്ന അഭിനയം കാഴ്ചവച്ച അംബികാ റാവു തൊമ്മനും മക്കളും, സാള്‍ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മറാത്തി അച്ഛനും മലയാളി അമ്മയ്ക്കും ജനിച്ച അംബിക വളരെ വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരുന്നു.
എന്നാല്‍ സിനിമയിലെ മിന്നുംലോകത്ത് നിന്നും മാറി ഗുരുതരമായ അവസ്ഥയില്‍ കഴിയുകയാണ് ഇപ്പോള്‍ താരം. ദീര്‍ഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ആഴ്ച്ചയില്‍ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരന്‍ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടര്‍ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക ഇപ്പോള്‍.
വിവാഹമോചിതയായ താരത്തിന് ഒരു മകനാണ് ഉള്ളത്. സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയില്‍ ആണ് ഇപ്പോള്‍ ജീവിതം മുന്നോട്ടുപോകുന്നത്. തൃശ്ശൂരെ വീട്ടില്‍ ഹോസ്പിറ്റലില്‍ പോകുവാനും മറ്റു സഹായങ്ങള്‍ക്കായി സഹോദരന്‍ അജി ആണ് ഉണ്ടായിരുന്നത്. നിര്‍ഭാഗ്യവശാല്‍ അജിയും സ്ട്രോക്ക് വന്ന് ഒരു വശം തളര്‍ന്ന് കിടപ്പിലായി. തുടര്‍ന്ന് ഈ മഹാമാരിയുടെ കാലത്തു് ആശുപത്രി ചെലവ് പോലും നേരിടാനാകാതെ അത്യന്തം പ്രതിസന്ധിയില്‍ ആണ് അംബിക റാവു. തൃശൂര്‍ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായി മുന്നില്‍ തന്നെയുളളത്. സംവിധായകരായ ലാല്‍ജോസ്, അനൂപ് കണ്ണന്‍, നടന്മാരായ സാദിഖ്, ഇര്‍ഷാദ് എന്നിവരും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നുണ്ട്. ഫെഫ്കയും സിനിമാ രം?ഗത്തു നിന്നുള്ളവരും പലരും സഹായങ്ങള്‍ ചെയ്തു തന്നിരുന്നു. ആ സഹായങ്ങള്‍ കൊണ്ട് തന്നെയാണ് മുന്നോട്ട് പോയിരുന്നതും. പക്ഷേ അതിനും പരിമിതികളില്ലേ എന്ന് അംബിക ചോദിക്കുന്നു.
അഭിനയവും സിനിമാ ജോലികളുമൊക്കെയായി പോവുമ്പോഴാണ് രണ്ടു കൊല്ലം മുന്‍പ് ആദ്യം അഡ്മിറ്റായത്, കിഡ്നി പണിമുടക്കി. കുറേ കാലം ഡയാലിസിസ് ഒന്നും ചെയ്യാതെ മുന്നോട്ടു പോയി. ആദ്യം മുതല്‍ എനിക്ക് ബിപി കൂടുതലാണ്, പക്ഷേ മരുന്നൊന്നും കഴിച്ചിരുന്നില്ല. അതൊക്കെയാണ് പിന്നീട് ഇങ്ങനെയായി മാറിയത്. രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്തതു കൊണ്ട് ലാസ്റ്റ് സ്റ്റേജില്‍ എത്തിയപ്പോഴാണ് അംബികയ്ക്ക് മനസ്സിലായത്. ഇതിനിടയിലാണ് കുമ്പളങ്ങിയിലൊക്കെ അഭിനയിച്ചത്. എന്നാല്‍ സ്ഥിതി ഇപ്പോള്‍ വഷളായി. ഇടയ്ക്ക് മൂന്നു നാലു പടത്തില്‍ നിന്നും വിളിച്ചപ്പോഴും ഡയാലിസിസ് കാരണം പോവാന്‍ പറ്റിയില്ല. അസുഖത്തിന്റെ മാനസികാവസ്ഥ വേറെയാണ്. ഈ അന്തരീക്ഷമൊന്നും എനിക്ക് പറ്റുന്നില്ല. മിണ്ടാനും പറയാനുമൊന്നും ആളുകളില്ലാതെ വരുമ്പോഴൊക്കെ ഡൗണ്‍ ആവും. ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ലെന്ന് താരം മുമ്പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സിനിമാമോഹവുമായി കൊച്ചിയിലെത്തുന്ന യുവതലമുറയ്ക്ക് എന്നും താങ്ങും തണലുമായിരുന്നു അംബിക. എന്നാല്‍ താന്‍ വാതില്‍ തുറന്നിട്ട് ആളുകളെ ക്ഷണിച്ചതു പോലെയൊന്നും ആരും തിരിച്ച് ചെയ്യില്ലെടോ എന്നും വിഷമത്തോടെ അംബിക അന്ന് വെളിപ്പെടുത്തിയിരുന്നു.