നടനായും തിരക്കഥാകൃത്തായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്. അദ്ദേഹത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ഇഷ്ടവുമാണ്. അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രില്‍ അവസാനത്തോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിതിരുന്നത്. ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വന്നുകഴിഞ്ഞു. ഇപ്പോഴിതാ ശ്രീനിവാസനെ കണ്ട അനുഭവം പറയുകയാണ് നടന് മണികണ്ഠന് പട്ടാമ്പി.
മഴവില്‍ മനോരമയില്‍ വച്ച് ശ്രീനിവാസനെ കണ്ടുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മണികണ്ഠന് പട്ടാമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഒരുപാട് നാളുകള്‍ക്ക് ശേഷം, ഇന്ന് മഴവില്‍ മനോരമയില്‍ വച്ച് ശ്രീനിവാസന് സാറിനെ കാണാനിടയായി. കുറച്ച് നേരം പോയി സംസാരിച്ചു. സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, തലയിണമന്ത്രം തുടങ്ങി കാലത്തിന് മായ്ക്കാന്‍ കഴിയാത്ത എത്രയോ ചിത്രങ്ങള്‍ കൂടുതല്‍ മിഴിവാര്ന്ന് കണ്മുമ്പിലൂടെ വന്നും പോയുമിരുന്നു. അദ്ദേഹം സുഖമായിരിക്കുന്നു. അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്. ഉഷാറാണ്. വലിയ സന്തോഷം തോന്നി, മണികണ്ഠന് പട്ടാമ്പി കുറിച്ചു.
ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന കുറുക്കന്, ഷാബു ഉസ്മാന് കോന്നി സംവിധാനം ചെയ്യുന്ന ലൂയിസ് എന്നിവയാണ് ശ്രീനിവാസന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. കുറുക്കനില്‍ വിനീത് ശ്രീനിവാസനും ഒപ്പം അഭിനയിക്കുന്നുണ്ട്.