മലയാള സിനിമയിലെ താരകുടുംബമാണ് മല്ലികാ സുകുമാരന്റേത്. ഭര്‍ത്താവും രണ്ടു മക്കളും മരുമക്കളും എല്ലാം സിനിമയില്‍ കൈവെക്കാത്ത മേഖലകളില്ല. അമ്പതിലേറെ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന മല്ലിക സുകുമാരനോട് എന്നും ഒരു പ്രത്യേക ഇഷ്ടം മലയാളികള്‍ക്കുണ്ട്. സുകുമാരന്റെ ഭാര്യയും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയുമൊക്കെയാണെങ്കിലും മല്ലിക തന്റേതായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. മക്കളുടേയും മരുമക്കളുടേയും ജീവിതത്തിലേക്ക് എത്തിനോക്കാന്‍ പോലും പോകാതെ, അവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും നല്കി സ്വന്തമായി വാങ്ങിയ കൊച്ചിയിലെ ഫ്ലാറ്റില്‍ തനിച്ചാണ് മല്ലികാമ്മ ഇപ്പോഴും കഴിയുന്നത്. 70-ാം വയസിലേക്ക് കടക്കുമ്പോഴും ഇപ്പോഴും അവര്‍ ജോലി ചെയ്യുകയും തന്റെ കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ, മല്ലികാ സുകുമാരന്റെ സപ്തതി ആഘോഷം അതിഗംഭീരമാക്കി യിരിക്കുകയാണ് കുടുംബം. സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേര്‍ന്നത്. പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാര്‍ഥന, നക്ഷത്ര, അലംകൃത എന്നിവരും ആഘോഷപരിപാടികളില്‍ ഒത്തുചേര്‍ന്നു. മല്ലികയുടെ കൊച്ചിയിലെ ഫ്ലാറ്റില്‍വച്ചായിരുന്നു പിറന്നാള്‍ ആഘോഷം.
ഒരു ചിത്രത്തില്‍ മല്ലികയ്ക്കൊപ്പം ഇരിക്കുകയാണ് പൂര്‍ണിമയും സുപ്രിയയും. ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഒപ്പം തോളോടു തോള് ചേര്‍ന്നു മക്കളും ആ ചിത്രത്തില്‍ നിറഞ്ഞു. മറ്റൊരു ചിത്രത്തില്‍ മല്ലികയുടെ മടിയിലാണ് ആലി എന്ന അലംകൃത. വളരെ അപൂര്‍വമായി മാത്രമാണ് അലംകൃതയുടെ ചിത്രങ്ങള്‍ പൃഥ്വിരാജും സുപ്രിയയും പുറത്തുവിടാറുള്ളൂ. അതുകൊണ്ടു തന്നെ ആലി ആരാധകരുടെ പ്രത്യേക ശ്രദ്ധ നേടി.
''കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകള്. എല്ലായ്പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,'' എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. മല്ലികാ സുകുമാരന്റെ കുടുംബചിത്രം ആരാധകര്‍ ഏറ്റെടുത്തു. അപൂര്‍വമായാണ് മക്കളും മരുമക്കളും പേരകുട്ടികളുമെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. ആരാധകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും മല്ലിക സുകുമാരന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
തിരുവനന്തരപുരത്തെ സാഹിത്യ തറവാടായ കൈന്നിക്കര കുടുംബത്തിലെ അംഗമായിരുന്നു മല്ലിക സുകുമാരന്‍. മോഹമല്ലിക എന്നാണ് യഥാര്‍ത്ഥ പേര്. തന്റെ 20-ാം വയസിലാണ് ഉത്തരായനം എന്ന സിനിമയിലൂടെ മല്ലിക നടിയാകുന്നത്. അതേ വര്‍ഷം പുറത്തിറങ്ങിയ സ്വപ്നാടനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡും ലഭിച്ചു. നാലു വര്‍ഷത്തിനിപ്പുറമാണ് സുകുമാരന്‍ മല്ലികയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചത്. സുകുമാരനുമായുള്ള വിവാഹ ശേഷം മല്ലിക അഭിനയരംഗം വിടുകയായിരുന്നു. തുടര്‍ന്ന് മക്കള്‍ക്ക് വേണ്ടിയായിരുന്നു ജീവിതം. എങ്കിലും സുകുമാരന്റെ മരണശേഷം കെ.കെ. രാജീവ് സംവിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മല്ലിക തന്റെ അഭിനയജീവിതം വീണ്ടും ആരംഭിക്കുകയായിരുന്നു.
2013 മുതല്‍ ഖത്തറിലെ ദോഹയില്‍ സ്പൈസ് ബോട്ട് എന്ന പേരില്‍ റസ്റ്റോറന്റും നടത്തിവരികയാണ് മല്ലിക. റസ്റ്റോറന്റിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണും മല്ലിക തന്നെയാണ്.