Latest News

സ്നേഹിതനിലെ ചാക്കോച്ചന്റെ നായിക; കോടീശ്വര കുടുംബത്തിലെ മരുമകള്‍; ഇന്ന് രണ്ട് പെണ്‍മക്കളുടെ അമ്മ; നടി നന്ദനയുടെ ജീവിതം ഇങ്ങനെ

Malayalilife
 സ്നേഹിതനിലെ ചാക്കോച്ചന്റെ നായിക; കോടീശ്വര കുടുംബത്തിലെ മരുമകള്‍; ഇന്ന് രണ്ട് പെണ്‍മക്കളുടെ അമ്മ; നടി നന്ദനയുടെ ജീവിതം ഇങ്ങനെ

സ്നേഹിതന്‍, കല്യാണക്കുറിമാനം, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് നന്ദന. കുറച്ച് വര്‍ഷം മാത്രം സിനിമാ രംഗത്ത് തുടര്‍ന്ന നന്ദന വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുമുള്ളൂ. എങ്കിലും ഒരു പാവം പിടിച്ച പെണ്‍കുട്ടിയുടെ മുഖത്തോടെ സിനിമയില്‍ തിളങ്ങിയ നന്ദനയെ ഇന്നും ആരാധകര്‍ക്ക് ഓര്‍മ്മയുണ്ട്. വെറും നാലേ നാലു വര്‍ഷമാണ് നന്ദന സിനിമയില്‍ തിളങ്ങിയത്. അതിനിടയില്‍ പ്രണയവും വിവാഹവും എല്ലാം കഴിഞ്ഞു. നന്ദനയെ പെണ്ണുകണ്ട് ഇഷ്ടപ്പെട്ടില്ലെന്ന് പറയാന്‍ മുന്‍വിധിയോടെ പോയ നടന്റെ കുടുംബം തിരിച്ചു വന്നത് ആ സത്യമറിഞ്ഞതിന്റെ ഞെട്ടലോടെയായിരുന്നു.

കോഴിക്കോടുകാരിയാണ് നന്ദന. അച്ഛന്റെ ബന്ധുക്കളെല്ലാം ആര്‍മിയിലാണ്. അമ്മയുടെ ബന്ധുക്കളെല്ലാം ഉയര്‍ന്ന ഉദ്യോഗസ്ഥരും. പഠിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് നന്ദന 2002ല്‍ സ്നേഹിതനിലൂടെ ചാക്കോച്ചന്റെ നായികയാകുന്നത്. പിന്നീട് സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യര്‍ സിബിഐ ചതിക്കാത്ത ചന്തു തുടങ്ങി ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണ് രണ്ടാമത്തെ തമിഴ് ചിത്രമായ സാദുരിയാനിലേക്ക് നടി എത്തിയത്. 2005ലായിരുന്നു ഇത്. ആ ചിത്രത്തില്‍ നായകനായി എത്തിയത് തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയുടെ മകന്‍ മനോജ് ഭാരതിരാജയായിരുന്നു.

ഷൂട്ടിംഗ് സെറ്റില്‍ വച്ചാണ് മനോജും നന്ദനയും ആദ്യമായി കണ്ടത്. ഒറ്റനോട്ടത്തില്‍ തന്നെ മനോജിന് നന്ദനയെ ഇഷ്ടമാവുകയായിരുന്നു. ആ പ്രണയം മനസില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് മുഴുവന്‍ പൂര്‍ത്തിയാക്കിയത്. ആ ഇഷ്ടം വ്യക്തമായി മനസിലാക്കിയ നന്ദനയും അവസാന ദിവസമായപ്പോഴേക്കും മനോജിനെ പ്രണയിച്ചു തുടങ്ങിയിരുന്നു. ഒടുവില്‍ പോണ്ടിച്ചേരിയില്‍ വച്ച് ഒരു ഗാനരംഗവും ഷൂട്ട് ചെയ്ത് തിരിച്ചു പോകവേ രണ്ടു പേരും നിരാശയിലായിരുന്നു. ഇനി എപ്പോള്‍ കാണാന്‍ പറ്റുമെന്നറിയാതെ സങ്കടപ്പെട്ടു നില്‍ക്കവേയാണ് കാറില്‍ കയറാന്‍ നേരം നന്ദന മനോജിനെ തിരിഞ്ഞു നോക്കിയത്. ആ കണ്ണില്‍ നിന്നും കണ്ണീരൊഴുകിയതും നന്ദന കണ്ടു.

പിന്നീട് മെസേജുകളിലൂടെയായിരുന്നു സംസാരം. അങ്ങനെ ഫോണ്‍ വിളിച്ചു. ഇഷ്ടം പറഞ്ഞപ്പോള്‍ കരച്ചിലായിരുന്നു നന്ദനയുടെ മറുപടി. തുടര്‍ന്ന് അമ്മയോടും അച്ഛനോടും സംസാരിച്ചു. സുഹൃത്തു വഴി മനോജ് സ്വന്തം വീട്ടിലും ഇക്കാര്യം അവതരിപ്പിച്ചു. എന്നാല്‍ അവര്‍ക്ക് ഇഷ്ടമായില്ല. പെണ്ണിനെ പോയി കണ്ട് ഇഷ്ടപ്പെട്ടില്ലെന്ന് പറയാനായിരുന്നു അച്ഛന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കോഴിക്കോട് നന്ദനയുടെ വീട്ടിലെത്തിയപ്പോള്‍ നന്ദനയുടെ കുടുംബത്തെ കണ്ട് എല്ലാവരും ഭ്രമിച്ചു പോയി. ഇതിലും നല്ലൊരു പെണ്‍കുട്ടിയെ മനോജിന് ഇനി ലഭിക്കില്ലെന്നായിരുന്നു അച്ഛന് വീട്ടുകാര്‍ നല്‍കിയ മറുപടി. അങ്ങനെ തൊട്ടടുത്ത വര്‍ഷം കോഴിക്കോട് വച്ച് വിവാഹവും നടന്നു. പിന്നാലെ ചെന്നൈയില്‍ വലിയ ഫംഗ്ഷനും നടത്തി.

അങ്ങനെ കോടീശ്വര കുടുംബത്തിലേക്ക് വലതു കാല്‍ വച്ചു കയറിയ നന്ദന ഇപ്പോള്‍ രണ്ടു പെണ്‍മക്കളുടെ അമ്മയായി ജീവിതം നയിക്കുകയാണ്. അര്‍ത്തിക, മതിവദനി എന്നിവരാണ് മക്കള്‍.

Read more topics: # നന്ദന.
malayalam actress nandana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES