മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കയാണ്. ഏറെ പ്രതീക്ഷയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. 'ദൃശ്യ'ത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടായത് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമാണ്. ഈ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമയ്ക്കു വേണ്ടി ചിത്രം നിര്‍മ്മിക്കുന്നത്. 'ദൃശ്യം' 2013 ഡിസംബറിലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്മോഹന്ലാല്, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു. ബോക്സ് ഓഫീസില്‍ നിന്നും 50 കോടിയോളം രൂപ കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.
' ദൃശ്യം 2' ചിത്രീകരണം കഴിഞ്ഞ 21 ന് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സംവിധായകന് ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ചിത്രങ്ങള്‍. മോഹന്‍ലാലിനും ജീത്തുവിനുമൊപ്പം മീനയും അന്‍സിബയും എസ്തറുമാണ് ചിത്രങ്ങളിലുള്ളത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എസ്തര് കുറച്ചുകൂടി മുതിര്‍ന്നു എന്നതൊഴിച്ചാല്‍ മറ്റാര്‍ക്കും ഒന്നാം ഭാഗത്തില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. ജോര്ജ്ജുകുട്ടിയായ മോഹന്‍ലാല്‍ താടി വളര്‍ത്തിയതും രണ്ടാം ഭാഗത്തെ ചിത്രങ്ങളില്‍ ശ്രദ്ധനേടി.
സെപ്റ്റംബര്‍ 25 വെള്ളിയാഴ്ചയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയത്. സിനിമയുടെ ഷൂട്ടിംഗിന് മുന്നോടിയായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പാക്കിയിരുന്നു. ഇതില്‍ എല്ലാവരുടേയും ഫലം നെഗറ്റീവായതോടെയാണ് ചിത്രീകരണം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.
'ദൃശ്യം 2' പ്രഖ്യാപനവേള മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യം ആഗസ്റ്റിലാണ് ചിത്രീകരണം നടക്കുമെന്ന് പറഞ്ഞതെങ്കിലും കൊവിഡ് ഭീതി മൂലം നീണ്ടു പോകുകയായിരുന്നു. ലോക്ക് ഡൗണിന് ശേഷം ഇളവുകള്‍ വന്നതോടെ ഈ മാസം 14ന് ചിത്രീകരണം ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും സെറ്റ് വര്‍ക്കുകള്‍ നീണ്ടുപോയതോടെ ഷൂട്ടും നീളുകയായിരുന്നു. ഇതോടെയാണ് ഷൂട്ടിങ് വീണ്ടും 21ലേക്ക് നീട്ടി വെക്കേണ്ടി വന്നത്.
കൊച്ചിയില്‍ ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങള്‍ ചിത്രീകരിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞ് സിനിമയുടെ പ്രധാന ലൊക്കേഷനായ തൊടുപുഴയില്‍ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ അവസ്ഥയുടെ പശ്ചാത്തലത്തില്‍ അറിയിച്ചിരിക്കുന്നത്. ഷൂട്ടിംഗ് തീരുന്നതു വരെ മുഴുവന്‍ അംഗങ്ങളെയും ഒരു ഹോട്ടലില്‍ താമസിപ്പിക്കുമെന്ന് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും സംവിധായകന് ജീത്തു ജോസഫും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.