നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി കോണ്‍ഗ്രസിന് അനുകൂലമായെങ്കിലും കേരളത്തിന്റെ അമരക്കാരന്‍ ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡിന് സാധിച്ചിട്ടില്ല. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ സിനിമ-സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതില്‍ നടനും പരസ്യ സംവിധായകനുമായ സിജോയ് വര്‍ഗീസിന്റെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെ ഒരു കല്യാണാലോചനയോട് ഉപമിച്ചാണ് സിജോയ് രസകരമായ മറുപടി നല്‍കിയത്. 'ഈ മുഖ്യമന്ത്രി ചര്‍ച്ചയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു കമന്റുണ്ട്. വോട്ടര്‍മാരാണ് ആ പെണ്‍കുട്ടി. സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ അവളുടെ കാമുകനാണ്, മറ്റൊരാള്‍ വീട്ടുകാര്‍ കണ്ടെത്തിയ ആളും, മൂന്നാമത്തെയാള്‍ മുറച്ചെറുക്കനുമാണ്. ഈ വിവാഹം എങ്ങനെ നടക്കുമെന്ന് കാത്തിരിക്കുകയാണ് ആ പെണ്‍കുട്ടി. എന്തായാലും കല്യാണം നടക്കട്ടെ, നമുക്ക് അതല്ലേ വേണ്ടത്'- സിജോയ് വര്‍ഗീസ് പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിജോയിയുടെ ഈ വാക്കുകള്‍ ഏറ്റെടുത്ത ആരാധകര്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി. 'പട്ടികയില്‍ ഒരു ബെസ്റ്റി കൂടി ഉണ്ടല്ലോ' എന്ന് തമാശയായി കുറിക്കുന്നവരും കുറവല്ല. അതേസമയം, ഡല്‍ഹിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചകള്‍ക്ക് പിന്നാലെ ഹൈക്കമാന്‍ഡ് തീരുമാനം ഇന്ന് ഉണ്ടായേക്കും. സമവായ ചര്‍ച്ചകളിലൂടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ദേശീയ നേതൃത്വം.