നടന്‍ ദിലീപ് രാജ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന്; വിടവാങ്ങിയത് 'ഹിറ്റ്ലര്‍ കല്യാണ'ത്തിലൂടെ തിളങ്ങിയ താരം; കന്നഡ സിനിമാ ലോകത്തിന് തീരാനഷ്ടം; ഞെട്ടലില്‍ ആരാധകര്‍

Malayalilife
 നടന്‍ ദിലീപ് രാജ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന്; വിടവാങ്ങിയത് 'ഹിറ്റ്ലര്‍ കല്യാണ'ത്തിലൂടെ തിളങ്ങിയ താരം; കന്നഡ സിനിമാ ലോകത്തിന് തീരാനഷ്ടം; ഞെട്ടലില്‍ ആരാധകര്‍

കന്നഡ നടനും നിര്‍മാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കന്നഡ സിനിമ-ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചു. 2007-ല്‍ പുനീത് രാജ്കുമാര്‍ നായകനായ 'മിലാന' എന്ന ചിത്രത്തിലെ പ്രകടനമാണ് ദിലീപിനെ സിനിമാപ്രേമികള്‍ക്കിടയില്‍ സുപരിചിതനാക്കിയത്. 

യു-ടേണ്‍, ബോയ്ഫ്രണ്ട് തുടങ്ങി ഇരുപത്തിനാലിലധികം ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 'കമ്പട മാനെ' എന്ന ടെലിഫിലിമിലൂടെയാണ് ദിലീപ് രാജ് തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സിനിമകള്‍ക്കൊപ്പം തന്നെ ടെലിവിഷന്‍ പരമ്പരകളിലൂടെയും ദിലീപ് ജനഹൃദയങ്ങള്‍ കീഴടക്കി. സീ കന്നഡയിലെ ജനപ്രിയ പരമ്പര 'ഹിറ്റ്ലര്‍ കല്യാണ'ത്തിലെ നായകവേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

ജനനി, അര്‍ധ സത്യ, രംഗോലി, കുംകുമ ഭാഗ്യ, മാംഗല്യ, മലേബില്ലു, പ്രീതിഗാഗി, രഥസപ്തമി തുടങ്ങി ഒട്ടേറെ സീരിയലുകളില്‍ അദ്ദേഹം വേഷമിട്ടു. അഭിനയത്തിന് പുറമെ നിര്‍മാണരംഗത്തും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. ഡിആര്‍ ക്രിയേഷന്‍സ് എന്ന സ്വന്തം നിര്‍മാണ കമ്പനിയിലൂടെ നിരവധി പരമ്പരകള്‍ അദ്ദേഹം പ്രേക്ഷകരിലെത്തിച്ചു. നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്ന അദ്ദേഹം മികച്ചൊരു കലാകാരനായാണ് അറിയപ്പെട്ടിരുന്നത്. കന്നഡ ചലച്ചിത്ര-സീരിയല്‍ രംഗത്തെ പ്രമുഖര്‍ നടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
 

dileep raj passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES