Latest News

മേനകയുടെ മകളെ 'മഹാനടി'യാക്കിയത് ഈ സിനിമാ സ്റ്റൈൽ തന്ത്രം! ലാലിന്റെ നായികയായി പ്രിയൻ സിനിമയിലൂടെ ആത്മമിത്രം സുരേഷ് കുമാറിന്റെ മകളുടെ എൻട്രി; ദേശീയ അവാർഡുമായി മലയാളിക്ക് അഭിമാനമായി കീർത്തി സുരേഷ് മാറുമ്പോൾ

Malayalilife
മേനകയുടെ മകളെ 'മഹാനടി'യാക്കിയത് ഈ സിനിമാ സ്റ്റൈൽ തന്ത്രം! ലാലിന്റെ നായികയായി പ്രിയൻ സിനിമയിലൂടെ ആത്മമിത്രം സുരേഷ് കുമാറിന്റെ മകളുടെ എൻട്രി; ദേശീയ അവാർഡുമായി മലയാളിക്ക് അഭിമാനമായി കീർത്തി സുരേഷ് മാറുമ്പോൾ

ലയാള സിനിമയുടെ കപൂർ കുടുംബം എന്നായിരുന്നു ഒരു സിനിമ വാരികയിൽ നടനും നിർമ്മാതാവുമായ സുരേഷ്‌കുമാറിനെ വിശേഷിപ്പിച്ചത്. വീട്ടിലെ എല്ലാവരും സിനിമാക്കാരായ ഒരു കുടുംബം! സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകൾ കീർത്തി പിച്ചവെച്ചതു തന്നെ ചലച്ചിത്ര ലോകത്താണ്. ഇപ്പോഴിതാ തെലുങ്ക്-തമിഴ് ദ്വിഭാഷാ ചിത്രമായ 'മഹാനടിയിലൂടെ' മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും കീർത്തിയെ തേടിയെത്തുകയാണ്. 

സുരേഷ് കുമാറും മോഹൻലാലും പ്രിയദർശനും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. സിനിമാ മോഹവുമായി 1977ൽ തിരനോട്ടം എന്ന സിനിമയുമായി സജീവമായവർ. ഒടുവിൽ മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ വില്ലനായി മോഹൻലാൽ എത്തി. ഈ ഫാസിൽ സിനിമയിലേക്ക് ആളെ തേടി പരസ്യമെത്തിയപ്പോൾ ലാലിന് വേണ്ടി അപേക്ഷ അയച്ചത് സുരേഷ് കുമാറാണ്. ലാൽ സിനിമയിൽ ചുവടുറപ്പിച്ചപ്പോൾ നിർമ്മാതാവിന്റെ റോളിൽ സുരേഷും സിനിമയിലെ സജീവതയായി. പ്രിയനും രാജ്യമറിയുന്ന സംവിധായകൻ. ഈ സൗഹൃദത്തിന്റെ പുതിയ തലമുറയിലെ തുടർച്ചയുമായാണ് കീർത്തി സുരേഷും സിനിമയിലേക്ക് എത്തുന്നത്. സിനിമാക്കാരിയായ അമ്മ മേനകയുടെ അനുഗ്രഹാശിസുമായി.

 

അഭിനയത്തിൽ വെന്നിക്കൊടി പാറിക്കുന്നുണ്ടെങ്കിലും സിനിമയിലേക്കുള്ള തന്റെ എൻട്രി ഇത്ര നേരത്തെയാവുമെന്ന് കരുതിയില്ലെന്നാണ് കീർത്തി നേരെത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. അതിന് കാരണമാതാവട്ടെ പിതാവിന്റെ പ്രിയ സുഹൃത്തായ സംവിധായകൻ പ്രിയദർശനും. പ്രിയദർശൻ ഗീതാഞ്ജലിയെന്ന ചിത്രവുമായി മുന്നാട്ടുപോവുന്നകാലം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ടീനേജുകാരിയായ നടിയെ മാത്രം കിട്ടുന്നില്ല. അങ്ങനെ ഒരു സൗഹൃദ സദസ്സിൽ ഇക്കാര്യം പ്രിയദർശൻ തന്റെ അടുത്ത സുഹൃത്ത്കൂടിയായ സുരേഷ് കുമാറിനോട് പറയുന്നു.

' തിരുവനന്തപുരത്ത് ഉള്ള ഒരു നല്ല കുട്ടിയുണ്ട്. പക്ഷേ അവളുടെ തന്ത അഭിനയിക്കാൻ സമ്മതിക്കില്ല.' - ഇതുകേട്ട് സുരേഷ് ഉടനെ 'അതേതാണ് തിരുവനന്തപുരത്ത് ഞാൻ അറിയാത്ത ഒരു തന്തയെന്നും, അവരെ കണ്ട് സംസാരിച്ച് ഒടിച്ചു മടക്കി കൈയിൽ തരാമെന്നും' പറയുന്നു. ഉടനെ പ്രിയൻ പറയുന്നത് ആ പിതാവ് താൻ ആണെന്നാണ്്. അപ്പോഴാണ് കീർത്തിയെയാണ് അവർ പരിഗണിക്കുന്നത് എന്ന വിവരം സുരേഷ് അറിഞ്ഞത്. നേരത്തെ വാക്കുപറഞ്ഞ് ഉറപ്പിച്ചതുകൊണ്ട് സുരേഷിന് ഒഴിയാനും പറ്റില്ല. ഇതിനു മുമ്പേ തന്നെ മേനകയെ കണ്ട് കീർത്തിയെ അഭിനയിപ്പിക്കുന്ന കാര്യം മോഹൻലാലും പ്രിയനും സംസാരിച്ചിരുന്നു. അവളുടെ അച്ഛൻ സമ്മതിച്ചാൽ ഓക്കെ എന്നായിരുന്നു മേനകയുടെ മറുപടി.

മണിച്ചിത്രത്താഴിലെ പ്രശസ്തമായ സണ്ണി എന്ന കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് മോഹൻലാൽ എത്തിയിട്ടും ഗീതാഞ്ജലി പരാജയമായിരുന്നു. പക്ഷേ അപ്പോഴും കീർത്തിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദിലീപ് നായകനായ റിങ് മാസ്റ്ററിൽ വേഷമിട്ടു. കീർത്തിയുടെ രണ്ടാമത്തെ നായികാ ചിത്രമാണ് റിങ് മാസ്റ്റർ. അത് വിജയമായി. പിന്നീടങ്ങോട്ട് അവർക്ക് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.നിരവധി തമിഴ്- തെലുങ്ക് ചിത്രങ്ങളാണ് ഇപ്പോൾ കീർത്തിക്കായി ഉള്ളത്.

സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡൽഹിയിൽ പിയരെൽ അക്കാദമിയിൽ നിന്നും ഫാഷൻ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്തു കീർത്തി ആദ്യം പാഷനായി എടുത്തത് ആ മേഖലാണ്. ഫാഷൻ ഡിസെനിങ്ങിൽ താൽപര്യമുള്ളതിനാൽ ലണ്ടനിൽ നിന്നും അവർ ഫാഷൻ ഡിസൈനിങ്ങ് പഠനം പൂർത്തിയാക്കി. 2002 ൽ പുറത്തിറങ്ങിയ 'കുബേരനിൽ ബാലതാരമായി അഭിനയിച്ചാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്.അതിനു ശേഷം ഒട്ടേറെ ചിത്രത്തിൽ അഭിനയിച്ചു. സഹോദരി രേവതിയുടെ പേരിൽ തുടങ്ങിയ രേവതി കലാമന്ദിർ നിർമ്മിച്ച പൈലറ്റ്‌സ്, അച്ഛനെയാണ്എനിക്കിഷ്ടം, തുടങ്ങിയ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.

'മഹാനടി ' യിൽ സാവിത്രിയാകാൻ ആദ്യം കഥ പറയുമ്പോൾ ആ സിനിമയിലേക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു കീർത്തി. ഇത്രയും ശക്തമായ ഒരു കഥാപാത്രം തനിക്ക് താങ്ങുമോ എന്ന പേടിയിൽ ആയിരുന്നു അവർ. തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസ നായികയായിരുന്നു സാവിത്രി. ജെമിനിഗണേശന്റെ കാമുകിയും ജീവിതസഖിയുമായിരുന്നവൾ. പ്രശസ്തിയുടെ നെറുകയിൽ നിന്ന് ജീവിതത്തിന്റെ ഇരുളിലേക്ക് സവഴുതി വീണവൾ. 'സംവിധായകൻ നാഗ് അശ്വിൻ അതിലെ സാവിത്രിയാകാൻ എന്നെ തിരഞ്ഞെടുത്തുതതിനുള്ള കാരണം പറഞ്ഞപ്പോൾ ഞാൻ തീരുമാനം മാറ്റി. ധനുഷ് നായകനായ തൊടരി കണ്ടിട്ടാണ് സാവിത്രിയിലേക്ക് എന്നെ മതിയെന്ന് സംവിധായകൻ തീരുമാനിച്ചത്. സാവിത്രിയുടെ യൗവനകാലം എനിക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ആ ഉറപ്പാണ് എനിക്ക് മുതൽക്കൂട്ടായത്'- കീർത്തി പറയുന്നു

ഇപ്പോഴിതാ ഈ സങ്കീർണ്ണ വേഷത്തിലൂടെ കീർത്തിയിപ്പോൾ ദേശീയ പുരസ്‌ക്കാരത്തിന് അർഹയായിരിക്കയാണ്. തെലുങ്ക് ചിത്രത്തിലൂടെയാണ് പുരസക്കാരമെങ്കിലും മലയാളിക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്.ചിത്രം ഇറങ്ങിയപ്പോൾമുതൽ കീർത്തിക്ക് അഭിനന്ദനത്തിന്റെ പ്രവാഹമായിരുന്നു. കൗമാര കാലം തൊട്ട് 45വയസ്സുവരെയുള്ള സാവിത്രിയുടെ വേഷത്തെ അനായാസമായി അവതരിപ്പിച്ചു കൊണ്ട് കീർത്തി സുരേഷ് പ്രേക്ഷകനെ അമ്പരപ്പിച്ചത്. മൂന്നു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ രണ്ടര മണിക്കൂറും കീർത്തിയുടെ പ്രകടനമാണ്. ജെമിനി ഗണേശനായി എത്തിയ ദുൽഖർ സൽമാനും ഗംഭീരപ്രകടമാണ് കാഴ്ചവെച്ചത്. കലാമൂല്യമുള്ള ഈ ചിത്രത്തിന് പക്ഷേ ബോക്സോഫീസിൽ ാര്യമായ ചലനം സൃഷ്ടിക്കാനായില്ല.

1968 ൽ തുലാഭാരത്തിലൂടെ ശാരദയാണ് മലയാളത്തിലേക്ക് ആദ്യം ദേശീയ അവാർഡ് കൊണ്ടുവന്നത്. പിന്നീട് 72ൽ സ്വയംവരത്തിലൂടെ ശാരദ വീണ്ടും അത് ആവർത്തിച്ചു. 86ൽ നഖക്ഷതങ്ങളിലൂടെ മോണിഷ, 93ൽ മണിച്ചിത്രത്താഴിലൂടെ ശോഭന, , 2003ൽ പാഠം ഒന്ന് ഒരു വിലാപത്തിലൂടെ മീരാജാസ്മിൻ, 2011ൽ മിന്നാമിനുങ്ങിലൂെട സുരഭിലക്ഷ്മി എന്നിവരും ദേശീയ അവാർഡ് നേടി മലയാളത്തിന്റെ അഭിമാനമായി. ഇപ്പോൾ തെലുങ്കിലൂടെയാണെങ്കിലും ദേശീയ അവാർഡ് നേടുന്ന മലയാളികളുടെ പട്ടികയിൽ ഈ കൊച്ചു മിടുക്കിയും ഇടം പിടിക്കുന്നു.

keerthi suresh special story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES