ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കത്തനാര്‍. പ്രഖ്യാപന സമയം മുതല്‍ ജനശ്രദ്ധനേടിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള സിനിമ കൂടിയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഏറ്റവും പുതിയ വിശേഷം പങ്ക് വച്ചിരിക്കുകയാണ് സംവിധായകന്‍.
'കത്തനാരു'ടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ 570 പേരുടെ അക്ഷീണ പരിശ്രമത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമായാണ് ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് റോജിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കടമറ്റത്ത് കത്തനാരുടെ കഥ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആവിഷ്‌കരിക്കുന്ന സിനിമയാണ് 'കത്തനാര്‍ - ദ് വൈല്‍ഡ് സോഴ്സറര്‍' ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാതാവ്
.
'നാല്‍പത്തിമൂന്ന് ദിവസത്തെ കഠിന പ്രയത്‌നങ്ങള്‍ക്കു ശേഷം 'കത്തനാര്‍ - ദ് വൈല്‍ഡ് സോഴ്സറര്‍' ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയായി. വിവിധ വകുപ്പുകളില്‍ നിന്നുള്ള 570 വ്യക്തികളുടെ ആത്മസമര്‍പ്പണത്തോടെയുള്ള അക്ഷീണ പ്രയത്‌നമാണ് ഈ സിനിമയുടെ പിന്നിലുള്ളത്. അവരുടെ കഠിനാധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഞാന്‍ നന്ദി പറയുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഈ മാസ്മരിക ചിത്രം പൂര്‍ത്തിയാക്കുന്നതിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന അടുത്ത ഷെഡ്യൂളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നാമ്പുറ കാഴ്ചകള്‍ക്കും ആവേശകരമായ അപ്ഡേറ്റുകള്‍ക്കുമായി എല്ലാവരും കാത്തിരിക്കുക.
അവിശ്വസനീയമായ ഈ യാത്രയുടെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദി. ഞങ്ങളുടെ നിര്‍മാതാവായ ഗോകുലം ഗോപാലന്‍ സാറിനോട് വളരെയധികം നന്ദിയുണ്ട്. ഈ സ്വപ്നപദ്ധതിയില്‍ അദ്ദേഹം അര്‍പ്പിക്കുന്ന വിശ്വാസം ചെറുതല്ല. ഞങ്ങളില്‍ വിശ്വസിച്ചതിനും ഈ യാത്ര സാധ്യമാക്കിയതിനും ഒരുപാട് നന്ദി'. റോജിന്‍ തോമസ് കുറിച്ചതിങ്ങനെ.
36 ഏക്കറില്‍ നാല്‍പ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടുകൂറ്റന്‍ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയിരിക്കുന്നത്. തമിഴ് - തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവന്‍ ആണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
200 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ നേരത്തെ അറിയിച്ചിരുന്നു. ആര്‍.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്‌സ് ആന്റ് വെര്‍ച്ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കൊറിയന്‍ വംശജനും കാനഡയില്‍ താമസ്സക്കാരനുമായ ജെ.ജെ. പാര്‍ക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കമ്പോസ് ചെയ്യുന്നത്. നിരവധി വിദേശ ചിത്രങ്ങള്‍ക്കു വേണ്ടി ആക്ഷന്‍ ഒരുക്കിയിട്ടുണ്ട് ജെ. ജെ. പാര്‍ക്ക്.