മലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ലോക്ഡൗണില്‍ മകനും ഭര്‍ത്താവിനുമൊപ്പമാണ് കനിഹയുള്ളത്. കുക്കിങ്ങും മകനുമൊപ്പം സമയം ചിലവാക്കിയുമൊക്കെ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. തന്റെ ഫിറ്റ്‌നസ് വീഡിയോകളും കനിഹ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. തന്റെ പഴയ ഫോട്ടോ ആണ് ആരാധകര്‍ക്കായി പങ്കുവച്ചതിനൊപ്പമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന വരികളും കനിഹ കുറിച്ചത്.
'എന്റെ ഒരു പഴയ ചിത്രം തന്നെയാണിത്. നിങ്ങളില്‍ പലരെയും പോലെ ഞാനും എന്റെ ചില പഴയ ചിത്രങ്ങള്‍ എടുത്ത് നോക്കി ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്റെ വയര്‍ എത്രമാത്രം ഒട്ടി നില്‍ക്കുകയായിരുന്നു, എന്റെ മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ ചിന്തിക്കുകയായിരുന്നു. പെട്ടന്ന് എനിക്കൊരു തിരിച്ചറിവ് തോന്നി, ഞാനെന്തിനാണ് ഇങ്ങനെ ചിന്തിയ്ക്കുന്നത്. അതിനര്‍ത്ഥം ഇപ്പോഴത്തെ എന്റെ സൗന്ദര്യത്തില്‍ ഞാന്‍ സന്തോഷവതിയല്ല എന്നാണോ. ഒരിക്കലുമല്ല. സത്യത്തില്‍ പണ്ടത്തേതിലും അധികം ഇന്ന് ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നു. എന്റെ ശരീരത്തിലുള്ള ഓരോ പാടുകള്‍ക്കും അടയാളങ്ങള്‍ക്കും ഓരോ മനോഹരമായ കഥകള്‍ പറയാനുണ്ട് എന്നാണ് എന്റെ വിശ്വാസം. എല്ലാം പഴയത് പോലെ തന്നെയാണെങ്കില്‍ അതിലെന്താണ് കഥ. സത്യം അംഗീകരിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തെ സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം, മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് ദയവുചെയ്ത് നിര്‍ത്തുക.
നമുക്കെല്ലാവര്‍ക്കും വ്യത്യസ്തമായ കഥകളുണ്ട്. ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ. നിങ്ങളുടെ ശരീരം ഇഷ്ടപ്പെട്ടു തുടങ്ങൂ. ആരെങ്കിലും നിങ്ങളുടെ ശരീരത്തെ കളിയാക്കിയാല്‍ അവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൊടുത്ത്, നടന്ന് പോകുക- കനിഹ എഴുതി. നേരത്തെ ഒരു ഫാഷന്‍ റാംപില്‍ കനിഹയെ വിമര്‍ശിച്ചതിന് താരം കൃത്യമായ മറുപടി നല്‍കിയിരുന്നു. ചുക്കി ചുളിഞ്ഞ വയറ് കാണിച്ച് ഫാഷന്‍ റാംപില്‍ നടന്നതിന് വിമര്‍ശിച്ചവരോട് കനിഹ തന്റെ മാതൃത്വത്തെ കുറിച്ചാണ് സംസാരിച്ചത്. വേണമെങ്കില്‍ എനിക്ക് എന്റെ വയറിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി നിങ്ങളെ പോലെ സുന്ദരമാക്കാവുന്നതാണ്. പക്ഷെ ഇതെന്റെ മാതൃത്വത്തിന്റെ അടയാളമാണെന്നാണ് അന്ന് കനിഹ വ്യക്തമാക്കിയത്.