Latest News

സെലക്ഷന്‍ സ്‌ക്രീനിങ്ങിന്റെ മറവില്‍ രാത്രി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രമം; തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വാദിച്ച് സംവിധായകനും; കുറ്റകരമായ ബലപ്രയോഗം നടത്തിയെന്ന് പോലീസ് കണ്ടെത്തല്‍; സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Malayalilife
 സെലക്ഷന്‍ സ്‌ക്രീനിങ്ങിന്റെ മറവില്‍ രാത്രി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രമം; തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വാദിച്ച് സംവിധായകനും; കുറ്റകരമായ ബലപ്രയോഗം നടത്തിയെന്ന് പോലീസ് കണ്ടെത്തല്‍; സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.ടി. കുഞ്ഞു മുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമക്കേസില്‍ പോലീസ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഗുരുതരമായ കണ്ടെത്തലുകള്‍ സമര്‍പ്പിച്ചു. പരാതിക്കാരിയായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗമാണ് കുഞ്ഞുമുഹമ്മദ് നടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പോലീസ് റിപ്പോര്‍ട്ടിലും കേസ് ഡയറിയിലുമാണ് ഇയാള്‍ക്കെതിരെയുള്ള കൃത്യമായ ആരോപണങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ ആറിന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ചലച്ചിത്ര പ്രവര്‍ത്തകയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ അതിക്രമം നടത്തുകയായിരുന്നു. 

പരാതിക്കാരിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നു. പരാതി നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വാദിച്ചത്. നവംബര്‍ ആറിന് നടന്ന സംഭവത്തില്‍ നവംബര്‍ 27-ന് മാത്രം പരാതി നല്‍കിയത് ദുരൂഹമാണെന്നും, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

എന്നാല്‍, ഈ വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. സംഭവത്തിന് ശേഷം പരാതിക്കാരിക്ക് കടുത്ത മാനസിക-ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായും ഇതിനെത്തുടര്‍ന്ന് അവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇക്കാരണത്താലാണ് പരാതി നല്‍കാന്‍ വൈകിയത് എന്ന പോലീസിന്റെ വാദം കോടതിയില്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടു. തനിക്കെതിരെ ഉയര്‍ന്നത് കള്ളക്കേസാണെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദ് കോടതിയില്‍ ആവര്‍ത്തിച്ചത്. പരാതിയില്‍ വലിയ ദുരൂഹതയുണ്ടെന്നും, സംഭവം നടന്നുവെന്ന് പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം പോലും ചലച്ചിത്ര പ്രവര്‍ത്തക തനിക്ക് വാട്‌സാപ്പില്‍ സാധാരണ രീതിയില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇതിന് തെളിവായി തന്റെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങളും അദ്ദേഹം കോടതിക്ക് കൈമാറി. സാംസ്‌കാരിക-സിനിമാ രംഗത്ത് സജീവമായി നില്‍ക്കുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള ആരോപണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ പോലീസ് വൈകിയെന്നാരോപിച്ച് നേരത്തെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അന്വേഷണം സത്യസന്ധമായി മുന്നോട്ടു കൊണ്ടുപോകണമെന്നും സാംസ്‌കാരിക നായകര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ പെടുന്നത് ഗൗരവകരമാണെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. 

കേസില്‍ കുഞ്ഞുമുഹമ്മദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. പോലീസിന്റെ റിപ്പോര്‍ട്ട് ഗൗരവകരമായതിനാല്‍ കോടതിയുടെ തീരുമാനം നിര്‍ണ്ണായകമാകും. നിലവില്‍ കുറ്റകരമായ ബലപ്രയോഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പോലീസ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്.

pt kunjumuhammed bail plea verdict

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES