Latest News

എല്ലാ കാര്യത്തിലും ഇന്‍ സെക്യൂരിറ്റിയുണ്ട്; പക്ഷെ എന്റെ ചിരി ഒരു പ്ലസ്  പോയിന്റ് ആയി കാണുന്നു;സ്വയം ഇംപ്രൂവായി എന്ന് അച്ഛന്‍ പറയാറുണ്ട്; അമ്മയ്ക്ക് ഞാനെന്ത് ചെയ്താലും ഇഷ്ടമാണ്; കല്യാണി പ്രിയദര്‍ശന്റെ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
എല്ലാ കാര്യത്തിലും ഇന്‍ സെക്യൂരിറ്റിയുണ്ട്; പക്ഷെ എന്റെ ചിരി ഒരു പ്ലസ്  പോയിന്റ് ആയി കാണുന്നു;സ്വയം ഇംപ്രൂവായി എന്ന് അച്ഛന്‍ പറയാറുണ്ട്; അമ്മയ്ക്ക് ഞാനെന്ത് ചെയ്താലും ഇഷ്ടമാണ്; കല്യാണി പ്രിയദര്‍ശന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍.പ്രിയദര്‍ശന്റെയും ലിസിയുടേയും മകളായ കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ്. തെലുങ്ക് ചിത്രമായ ഹലോയിലൂടെയായാണ് കല്യാണി തുടക്കം കുറിച്ചത്. വരനെ ആവശ്യമുണ്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലൂടെയായി മലയാളികളുടേയും പ്രിയനായികയായി മാറുകയായിരുന്നു കല്യാണി. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തല്ലുമാലയാണ് കല്യാണിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇതിന്റെ  പ്രമോഷന്റെ ഭാഗമായുള്ള പരിപാടികളില്‍ കല്യാണി പങ്ക് വക്കുന്ന വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

വ്ലോഗര്‍ ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ക്ലബ്ബ് എഫ്.എമ്മിന് പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തനിക്ക് തന്നില്‍ തന്നെ ഇഷ്ടമുള്ള കാര്യങ്ങളെ പറ്റി പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍.

തന്റെ ചിരിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതെന്നും, തന്റെ ചിരി ഒരു പ്ലസ് പോയിന്റ് ആയി കാണുന്നെന്നുമാണ് കല്യാണി പറയുന്നത്. എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും എന്നില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്റെ ചിരിയാണ്. എനിക്ക് എല്ലാ കാര്യത്തിലും ഇന്‍ സെക്യൂരിറ്റിയുണ്ട് പക്ഷെ എന്റെ ചിരി ഭയങ്കര ജെനുവിനാണെന്നെനിക്കറിയാം. അതുകൊണ്ട് തന്നെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ്,' കല്യാണി പറയുന്നു.
.
അച്ഛന്‍ എന്നെ വിമര്‍ശിക്കുന്നത് പോലെയൊക്കെ തോന്നുമെങ്കിലും അങ്ങനെയല്ല. ഞാന്‍ സ്വയം ഇംപ്രൂവായി എന്ന് അച്ഛന്‍ പറയാറുണ്ടെന്നും നടി പറയുന്നു. കഥ കേള്‍ക്കുന്നതിലൊന്നും അച്ഛന് റോളില്ല. ചിലര്‍ വിളിച്ച് കഥ പറയാം കല്യാണിക്ക് കൊടുക്കാമോയെന്ന് ചോദിക്കാറുണ്ട്.എനിക്കതില്‍ റോളില്ല, ഞാനങ്ങനെ ചെയ്യാറില്ലെന്നാണ് അച്ഛന്‍ പറയാറുള്ളത്. 

ഹൃദയം അച്ഛന് ഇഷ്ടമായിരുന്നു. മാനാട് കണ്ടും എന്നെ അഭിനന്ദിച്ചിരുന്നു. എന്റെ ഡബ്ബിംഗും ഇഷ്ടമായിരുന്നു. അമ്മയ്ക്ക് ഞാനെന്ത് ചെയ്താലും ഇഷ്ടമാണ്. അയ്യോ, എന്താ ഡബ്ബ് ചെയ്യാത്തത്, അവര്‍ക്ക് നിന്റെ ശബ്ദം മിസ്സായെന്നാണ് അമ്മ പറയാറുള്ളത്. നല്ല സപ്പോര്‍ട്ടീവാണ്. ഞാന്‍ മലയാളവും തെലുങ്കും ഡബ്ബ് ചെയ്തിട്ടുണ്ട്, മലബാര്‍ സ്ലാംഗിലുള്ള സംസാരമാണെങ്കിലും എന്റെ ക്യാരക്ടര്‍ വിദേശത്താണ്, അതോണ്ട് എനിക്ക് കുഴപ്പമില്ല.

ഹെലന്‍ കണ്ടുകഴിഞ്ഞ സമയത്തായിരുന്നു വിനീതേട്ടന്‍ എന്നോട് ഹൃദയത്തെക്കുറിച്ച് പറഞ്ഞത്. ബ്രോ ഡാഡി ഷൂട്ടിനിടയിലായിരുന്നു ലാല്‍ മാമയ്‌ക്കൊപ്പമുള്ള ഫോട്ടോ എടുത്തത്. എല്ലാദിവസവും അദ്ദേഹം ജിമ്മില്‍ പോവും. വരുന്നില്ലേയെന്ന് എന്നോട് ചോദിക്കും. അങ്ങനെയൊരു ദിവസമാണ് ഞാന്‍ ഈ ഫോട്ടോ എടുത്തതെന്നായിരുന്നു ജിമ്മിലെ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കല്യാണി പറഞ്ഞത്. രാജുവേട്ടനൊപ്പം വര്‍ക്ക് ചെയ്യാനെളുപ്പമാണ്, എല്ലാം അദ്ദേഹം അഭിനയിച്ച് കാണിക്കും. അദ്ദേഹമൊരു അഭിനേതാവാണല്ലോയെന്നായിരുന്നു കല്യാണി പറഞ്ഞത്.

ആഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.

kalayani priyadarshan about his parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES