പുതിയ വര്‍ഷത്തില്‍ പുതിയ വീടിന്റെ ചിത്രം പങ്കുവെച്ച് നടന്‍ ദീപക് പറമ്പോല്‍. 'സിനിമ നിരവധി നല്ല കാര്യങ്ങള്‍ തന്നു. ഇപ്പോഴിതാ ഇതും. സിനിമയ്ക്ക് നന്ദി 'എന്ന് പറഞ്ഞാണ് ദീപക് വീടിന്റെ ചിത്രം പങ്കുവെച്ചത്. വീടിനായി തറ കെട്ടിയതിന്റെയും നിര്‍മാണം പൂര്‍ത്തിയായ വീടിന്റെയും ചിത്രങ്ങളാണ് ദീപക് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ അപര്‍ണ ദാസിനെയും വിനീത് ശ്രീനിവാസനെയും മെന്‍ഷന്‍ ചെയ്താണ് ദീപകിന്റെ പോസ്റ്റ്.
ദീപക്കിന്റെ അമ്മയുടെ നാടായ പ്ലാത്തറയിലാണ് വീട് വച്ചിരിക്കുന്നത്. 2020 ല്‍ വസ്തു വാങ്ങി, 2021ല്‍ വീടിന്റെ പണി തുടങ്ങി. 2025 ഡിസംബര്‍ ആറിനായിരുന്നു പാലുകാച്ചല്‍. ദീപക്കിന്റെ അമ്മയായ സുധയുടെ പേര് കടമെടുത്ത് 'സൗധം' എന്നാണ് വീടിനു പേരിട്ടിരിക്കുന്നത്.
നിരവധിപ്പേരാണ് ദീപക്കിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തുന്നത്. നടന്‍ ബേസില്‍ ജോസഫും ബാലു വര്‍ഗീസും ദിപക്കിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. പുതുവര്‍ഷം കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെയും വീഡിയോയും ദീപക്കും അപര്‍ണയും പങ്കുവെച്ചിരുന്നു.
വിനീത് ശ്രീനിവാസനായിരുന്നു ദീപക്കിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്കെത്തുന്നത്. പിന്നീട് തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ക്യാപ്റ്റന്‍, ബിടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്സ്, വര്‍ഷങ്ങള്‍ക്ക് ശേഷം, സര്‍ക്കീട്ട് , സൂക്ഷമദര്‍ശിനി തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാനവേഷത്തില്‍ ദീപക് അഭിനയിച്ചു.