മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. നിരവധി സംഗീതങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ ഭാര്യയാകട്ടെ അവതാരകയായ അന്നപൂർണയാണ്. എന്നാൽ കാർ ഓടിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം അന്നപൂർണ്ണ എഴുതിയ പോസ്റ്റ് വൈറലായിരുന്നു. കല്യാണശേഷമാണ് ഡ്രൈവ് ചെയ്ത് എന്നും പതിനെട്ട് വയസിൽ തന്നെ ഡ്രൈവിങ് ലൈസൻസ് എടുത്തു എന്നുമാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ ഇപ്പോൾ അതിനു മറുപടിയുമായെത്തിയിരിക്കുകയാണ് താരം.
കുറിപ്പിങ്ങനെ
സത്യാവസ്ഥ എന്തെന്നാൽ ഫിയറ്റ് ഭ്രാന്ത് കയറി ഇരിക്കുന്ന സമയം, ഒരു ഡിസംബർ 8’ആം തിയതി കല്യാണം ഉറപ്പിച്ച എനിക്ക് 4’ആം തിയതി ഒരു സുഹൃത്തിന്റെ വിളി വരികയാണ്. ബാംഗ്ലൂരിൽ ഒരു സിംഗിൾ ഓണർ ഫിയറ്റ് പാലിയോ എസ്10 (സച്ചിൻ ടെണ്ടുൽക്കറുടെ കയ്യൊപ്പുള്ള 500 സ്‌പെഷ്യൽ എഡിഷൻ കാറുകളിൽ ഒരെണ്ണം) വിൽക്കാനുണ്ട് എന്ന്.
ഫിയറ്റ് ഫാൻസിന്റെ ഇടയിൽ നല്ല ഡിമാൻഡ് ഉള്ള വണ്ടിയായതിനാൽ ഒന്നും ആലോചിക്കാതെ അന്ന് തന്നെ ബാംഗ്ലൂർക്ക് ട്രെയിൻ കയറി. തിരക്കിനിടയിൽ ഭാവി വധുവിനോട് പറയാൻ പറ്റിയില്ല (മറവിയുടെ അസുഖം ഉള്ളത് വേറെ കാര്യം) രാത്രി എവിടെയാണെന്ന് ചോദിച്ചു വിളി വരുമ്പോളാണ് ‘ട്രെയ്നിലാ, ബാംഗ്ലൂർക്ക് പോണു, കാർ മേടിക്കാൻ’ എന്ന് പറയുന്നത്.
കല്യാണ ചെക്കൻ എങ്ങാനും നാട് വിട്ടു പോകുവാണോ എന്ന് കരുതിയാവണം ആള് കുറച്ചൊന്ന് ടെൻഷൻ അടിച്ചെന്ന് തോന്നുന്നു. ഞാൻ ഓടി പോകുവല്ല, കാറും മേടിച്ചു അടുത്ത ദിവസം തന്നെ തിരിച്ചെത്തി പറഞ്ഞ ദിവസം തന്നെ കെട്ടിയിരിക്കും എന്ന് കൊടുത്ത ഉറപ്പിൽ ആളെ ഒന്ന് സമാധാനിപ്പിച്ചു റെഡിയാക്കി.
കാറുമായി തിരിച്ചെത്തി 8’ആം തിയതി തന്നെ കല്യാണം ഒക്കെ കഴിച്ചു അന്ന് രാത്രി എന്റെ തലയിൽ തോന്നിയ ഒരു കൂർമ്മ ബുദ്ധിയാണ് കാറിന്റെ താക്കോൽ സമ്മാനമായി കൊടുക്കുക എന്നത്. സിനിമയിൽ ഒക്കെ കാണുന്നത് പോലെ ‘ഇതാ എന്റെ വക ഒരു സമ്മാനം. തട്ടുമെന്നോ മുട്ടുമെന്നോ ഉള്ള പേടി വേണ്ട, അങ്ങനെ സംഭവിച്ചാലും നമുക്ക് പെയിന്റ് അടിക്കാലോ’ എന്ന് പറഞ്ഞു താക്കോൽ കൊടുത്തു.
ഒരു വെടിക്ക് രണ്ടു പക്ഷി! ഭാര്യേം ഹാപ്പി, കല്യാണത്തിന് തൊട്ടു മുമ്പ് പറയാതെ പോയി മേടിച്ച കാറിനോട് അനിഷ്ടവുമില്ല. പാവം ഭാര്യ, വർഷം ഇത്ര കഴിഞ്ഞിട്ടും ഭർത്താവ് സ്ത്രീ ശാക്തീകരണത്തിന്റെ ആളാണെന്നൊക്കെ കരുതി ഇരിക്കുവാണ്.