\നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണം. ഒരു ചടങ്ങിനിടെ ഭക്ഷണം കഴിക്കുന്നതിനിടെ അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന് ഷിയാസ് ചോദിക്കുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദത്തിന് ആധാരം. ഡയറ്റിലായതിനാലാണ് ബീഫ് കഴിക്കാത്തതെന്ന് അനുമോള്‍ മറുപടി നല്‍കിയപ്പോള്‍, 'ഡയറ്റാണോ അതോ ബിജെപിയാണോ' എന്നായിരുന്നു ഷിയാസിന്റെ മറുചോദ്യം.
വീഡിയോ വൈറലായതോടെ താരത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. ഷിയാസ് പന്നിയിറച്ചി കഴിക്കുമോ എന്ന ചോദ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയതോടെ താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കമന്റ് ബോക്‌സുകള്‍ അസഭ്യവര്‍ഷം കൊണ്ട് നിറഞ്ഞു. വിവാദം കനത്തതോടെ മറുപടിയുമായി ഷിയാസ് തന്നെ രംഗത്തെത്തി. തമാശരൂപേണ സുഹൃത്തുക്കള്‍ക്കിടയില്‍ പറഞ്ഞ കാര്യമാണിതെന്ന് ഷിയാസ് വിശദീകരിച്ചു.
'ബീഫിന്റെ പേരില്‍ രാജ്യത്ത് പ്രശ്‌നമുണ്ടാക്കിയത് ബിജെപിക്കാരാണ്. അതുകൊണ്ടാണ് അനുമോള്‍ ബീഫ് കഴിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നോ എന്ന് തമാശയായി ചോദിച്ചത്. പന്നിയിറച്ചി കപ്പയിട്ട് നന്നായി വേവിച്ച് കഴിച്ചാല്‍ അടിപൊളിയാണ്. അത് കഴിക്കരുതെന്ന് വിശുദ്ധ ഖുര്‍ആനില്‍ ഉള്ളതുകൊണ്ടാണ് താന്‍ കഴിക്കാത്തത്, ഇല്ലെങ്കില്‍ കഴിച്ചേനെ'- ഷിയാസ് തിരിച്ചടിച്ചു.
തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും തന്നെ 'സുഡാപ്പി' എന്ന് വിളിച്ചാലും കുഴപ്പമില്ലെന്നും താരം വ്യക്തമാക്കി. അനുമോള്‍ തന്റെ സഹോദരിയെപ്പോലെയാണെന്നും തങ്ങള്‍ക്കിടയില്‍ ജാതിയോ മതമോ ഇല്ലെന്നും ഷിയാസ് പറഞ്ഞു. സംഘപരിവാര്‍ എത്ര ശ്രമിച്ചാലും കേരളത്തില്‍ വര്‍ഗീയത നടക്കില്ലെന്നും, കേരളത്തില്‍ താമര വിരിയുന്നത് അടുത്തുള്ള കുളത്തിലായിരിക്കുമെന്നും താരം പരിഹസിച്ചു.