പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ മാസ് എന്റര്‍ടെയിനറാണ് 'കടുവ'. ജിനു വി അബ്രഹമിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കടുവ തിയേറ്ററുകളിലെത്തിയത്. തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് കോട്ടയം സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ കോടതിയെ സമീപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. എന്നാലിപ്പോള്‍ ജോസ് കുരുവിനാക്കുന്നേല്‍ കടുവ കാണാന്‍ തിയേറ്ററിലെത്തിയ വിശേഷമാണ് വൈറലാകുന്നത്.
ഈരാറ്റുപേട്ടയിലെ സൂര്യ തിയേറ്റര്‍ സമുച്ചയത്തിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്. ബിജു പുളിക്കക്കണ്ടം എന്നയാളാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വിവരം പങ്കുവെച്ചത്.ചിത്രം കാണാന്‍ ജോസ് കുരുവിനാക്കുന്നേല്‍ എത്തുന്നതിന്റെ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യല്‍ നെറ്റ് വര്‍ക്ക് ആയ പൊഫാക്റ്റിയോ വീഡിയോ ആയി പുറത്തിറക്കിയിട്ടുണ്ട്. അടിപൊളിയാണെന്നും തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്ന് അദ്ദേഹം പറയുന്നതും വീഡിയോയിലുണ്ട്.
പൃഥ്വിരാജ് ചിത്രമായ 'കടുവ' തനിക്കും കുടുംബത്തിനും അപകീര്‍ത്തി യുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് ജോസ് കുരുവിനാക്കുന്നേല്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ സിനിമ കണ്ട് തീരുമാനം എടുക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. ജോസ് നല്‍കിയ പരാതിയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
പൃഥ്വിരാജിനെക്കൂടാതെ സംയുക്ത മേനോന്‍, അലെന്‍സിയര്‍, ഇന്നസെന്റ്, ഷാജോണ്‍, ജോയ് മാത്യു, ബൈജു സന്തോഷ്, അര്‍ജുന്‍ അശോകന്‍, സുധീര്‍ കരമന, രാഹുല്‍ മാധവ്, അനീഷ് ജി മേനോന്‍, നന്ദു, സീമ, പ്രിയങ്ക നായര്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായിരുന്നു.