Latest News

ലാലേട്ടന്‍ തന്നെയാണ് സിനിമയില്‍ ആ രംഗത്തിന്റെ അനിവാര്യത തുറന്നു പറഞ്ഞത്; താരാരാധന തലയ്ക്ക് പിടിച്ചവര്‍ക്ക് ജിത്തു ജോസഫിന്റെ മറുപടി

Malayalilife
ലാലേട്ടന്‍ തന്നെയാണ് സിനിമയില്‍ ആ രംഗത്തിന്റെ അനിവാര്യത തുറന്നു പറഞ്ഞത്; താരാരാധന തലയ്ക്ക് പിടിച്ചവര്‍ക്ക് ജിത്തു ജോസഫിന്റെ മറുപടി

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി സംവിധായകന്‍ ജിത്തു ജോസഫ്. സൂപ്പര്‍ താരപദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ താരപദവിക്ക് പിറകെ പോകരുതെന്നും അത് അവരിലെ അഭിനേതാവില്‍ വേലിക്കെട്ടുകള്‍ സൃഷ്ടിക്കുമെന്നും ജീത്തു അഭിപ്രായപ്പെട്ടു.

'മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.

ദൃശ്യത്തില്‍ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. അനിവാര്യമായ ഒരു രംഗമായിരുന്നു അത്. അന്ന് പലരും അതിനോട് യോജിച്ചില്ല. ആരാധകര്‍ എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട് പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നും പറഞ്ഞു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമല്‍ഹാസനൊപ്പം തന്നെ രജനികാന്തിനെയും പരിഗണിച്ചിരുന്നു. അന്ന് രജനി സാറിന് സിനിമ ഇഷ്ടമായെങ്കിലും പോലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്‍മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നത്'- ജീത്തു പറഞ്ഞു.

കാളിദാസ് ജയറാം പ്രധാനവേഷത്തിലെത്തുന്ന മിസ്റ്റര്‍ ആന്റ് മിസ് റൗഡിയാണ് ജീത്തുവിന്റെ ഏറ്റവും പുതിയ ചിത്രം. അപര്‍ണാ ബാലമുരളിയാണ് നായിക. തന്റെ പതിവ് ശൈലിയില്‍ നിന്നും മാറി വേറിട്ട പരീക്ഷണമാണ് ഈ ചിത്രമെന്നും ജീത്തു പറഞ്ഞു.

'ഹ്യൂമറാണ് ഈ ചിത്രത്തിന്റെ അടിത്തറ. ഇതുവരെ ചെയ്തതില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു ചിത്രം. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന ചിത്രമാണ്. വലിയൊരു ക്വട്ടേഷന്‍ സംഘം രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ അതിന് ത്രാണിയില്ലാത്ത അഞ്ച് യുവാക്കളുടെ കഥയാണ്. അവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നു. നല്ല തന്റേടിയായ ഒരു പെണ്‍കുട്ടി. അവരും ആ പെണ്‍കുട്ടിയും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം'- ജീത്തു കൂട്ടിച്ചേര്‍ത്തു.

jithu joseph against super stars fans

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES