1997-ല്‍ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രം സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തിരുന്നു. അവാര്‍ഡിന് അര്‍ഹമായ കളിയാട്ടത്തിന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിക്കുന്ന ഒരു പെരുങ്കളിയാട്ടം അണിയറയില്‍ ഒരുങ്ങുകയാണ്. പുതിയ ചിത്രത്തിന്റെചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ പെരുവണ്ണാന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
കളിയാട്ടത്തിന്റെ ഓര്‍മ്മകള്‍ ഇന്നും ഞങ്ങളിലും പ്രേക്ഷകരിലും ഒരുപോലെ അവശേഷിക്കുന്നു. കാലക്രമേണ ഞാനും ജയരാജും സിനിമയിലും ജീവിതത്തിലും ഒരുപാട് അനുഭവങ്ങള്‍ സമ്പാദിച്ചു. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് മറ്റൊരു നാഴികക്കല്ലായി മാറുവാന്‍ സാധിക്കട്ടെയെന്നും സിനിമയുടെ ഭാഗമാവാന്‍ കാത്തിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. താടിയും മീശയും വടിച്ച് തെയ്യം കലാകാരന്റെ ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 'ജയരാജിന്റെ അടുത്ത ചിത്രത്തില്‍ പെരുവണ്ണനായുള്ള രൂപാന്തരം' എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രങ്ങള്‍ പങ്കുവച്ചത്.
മികച്ച തിരക്കഥയുടെ പിന്‍ബലത്തോടെ ഞങ്ങളുടെ മുന്നില്‍ വന്ന പ്രോജക്ട് തിരഞ്ഞെടുക്കുവാന്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന് സരിഗമ ഇന്ത്യ ലിമിറ്റഡ് ഫിലിംസ് ആന്‍ഡ് ഇവന്റ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്, കെ. ജി. എഫ് ചാപ്ടര്‍ 2 ഫെയിം ബി. എസ് അവിനാഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.കാപ്പയ്ക്ക് ശേഷം യൂഡ്ലി ഫിലിമ്സിന്റെ ബാനറില്‍ സരിഗമ ഇന്ത്യ ലിമിറ്റഡ് ഫിലിംസ് ആന്‍ഡ് ഇവന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കളിയാട്ടത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക.