മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയ നടിയാണ് ജാനകി കൃഷ്ണന്‍. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിനിയായ ജാനകി സിനിമയിലേക്ക് എത്തുന്നത്. മ്മൂട്ടിയുടെ മകളായി മൂകയും ബധിരയുമായ കുട്ടിയെയാണ് ജാനകി അവതരിപ്പിച്ചത്. ബാലതാരമായി എത്തിയ കുട്ടിയുടെ വെള്ളാരം കണ്ണുകള്‍ അന്നേ ശ്രദ്ധ നേടിയിരുന്നു. ബാലതാരമായി തൊമ്മനും മക്കളും എന്ന ചിത്രത്തിലും ജാനകി അഭിനയിച്ചു. പിന്നെ കുറച്ചുകൂടി മുതിര്‍ന്ന ശേഷം ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് ഫാസിലിന്റെ സഹോദരിയായും ലോ പോയ്ന്റ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരിയായുമെല്ലാം ജാനകി അഭിനയിച്ചിട്ടുണ്ട്. വിനയ് ഫോര്‍ട്ട് നായകനായ ഉറുമ്പുകള്‍ ഉറങ്ങാറില്ലെന്ന ചിത്രത്തിലും അപ്പാനി ശരത്ത് നായകനായ ലൗ എഫ് എമ്മിലും നായികയായും ജാനകി എത്തിയിരുന്നു. അഭിഭാഷക കൂടിയായ ജാനകിയുടെ വിവാഹം ഇക്കഴിഞ്ഞ നവംബറിലായിരുന്നു നടന്നത്.
ഒഡീഷ സ്വദേശിയായ അഭിഷേക് ബെഹ്‌റയാണ് താരത്തിന്റെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു അഭിഷേക് ജാനകിയെ താലി ചാര്‍ത്തി സ്വന്തമാക്കിയത്. അമ്പലത്തിലും അതിന് ശേഷം മണ്ഡപത്തിലും നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ താനൊരു അമ്മയായി എന്ന സന്തോഷമാണ് ജാനകി പങ്കുവയ്ക്കുന്നത്. കുഞ്ഞിന്റെ കാലുകളുടെ ചിത്രത്തൊടൊപ്പമാണ് ജാനകി താന്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ വിവരം അറിയിച്ചത്. ആഗസ്റ്റ് 14നായിരുന്നു കുഞ്ഞിന്റെ ജനനം. അവന്‍ രാത്രി മുഴുവന്‍ കരയും. എല്ലായിടത്തും മൂത്രമൊഴിക്കും എന്നാലും അവന്‍ നിങ്ങളുടെ മനം കവരുമെന്നാണ് ചിത്രത്തൊടൊപ്പം ജാനകി കുറിച്ചത്. നിരവധി പേരാണ് ജാനകിക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തുന്നത്.