പ്രേക്ഷകരുടെ പ്രിയപ്പെട്ട നൃത്തകിയും അഭിനേത്രിയും കൂടിയാണ് ശോഭന.
സിനിമയില്‍ നിന്നും ഇടവേളയെടുത്ത് നൃത്തതിന്റെ ലോകത്തില്‍ മുഴുകുന്ന ശോഭന കഴിഞ്ഞ ദിവസം നിത മുകേഷ് അബ്ാനി കള്‍ച്ചറല്‍ സെന്ററിലും വിസ്മയകരമായ പ്രകടനമാണ് ശോഭന നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കഴുത്തില്‍ തലയോട്ടിമാലയും തലയില്‍ ചന്ദ്രക്കലയും മുഖമാകെ ഭസ്മവും പൂശിയായിരുന്നു ശോഭനയുടെ നൃത്തം. ആ ശിവതാണ്ഡവത്തിനു സാക്ഷിയാവാന്‍ നടി രേവതി, ബോളിവുഡ് താരം ജാക്കി ഷ്റോഫ് എന്നിവരും എത്തിച്ചേര്‍ന്നിരുന്നു.
അതേസമയം, ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുകയാണ് ശോഭന. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് ശോഭനയുടെ നായകനാവുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും. ചിത്രത്തിന് താല്‍ക്കാലികമായി L360 എന്നാണ് പേരു നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ 360മത്തെ ചിത്രമാണിത്. ശോഭനയും മോഹന്‍ലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രവും.
നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശോഭന ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ അമ്മയായാണ് ഒടുവില്‍ ശോഭന മലയാളത്തില്‍ അഭിനയിച്ചത്. മാമ്പഴക്കാലം (2004) എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ഇരുവരും ജോഡികളായി അഭിനയിച്ചത്. സാഗര്‍ ഏലിയാസ് ജാക്കിയില്‍ (2009) ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ഇരുവരും ജോഡികളായിരുന്നില്ല.
പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.സൗദി വെള്ളക്കയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്യുന്ന ചിത്രമാണിത്. കെ.ആര് സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം രഞ്ജിത്ത് ആണ്.
കഴുത്തില്‍ തലയോട്ടിമാല, തലയില്‍ ചന്ദ്രക്കല; ശിവതാണ്ഡവമാടി ശോഭന; കാഴ്ചക്കാരായി ജാക്കി ഷ്റോഫും രേവതിയും