'വണ്ണാത്തി പുള്ളിനു ദൂരെ ചന്ദനക്കാട്ടില്‍ കൂടുണ്ടോ എന്ന ഗാനം ഇന്നും ഓര്‍മ്മയുളളവര്‍ ഉണ്ടാകും. സിനിമാപാട്ടുകളെക്കാള്‍ ആല്‍ബം ഗാനങ്ങള്‍ ശ്രദ്ധ നേടിയ സമയത്താണ് വണ്ണാത്തി പുളള് സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയത്. മിഴിനീര്‍ എന്ന ആല്‍ബത്തിലെ പാട്ടാണ് ഇത്. ഏറെ ശ്രദ്ധ നേടിയ ആ ഗാനരംഗത്തിലൂടെ മലയാളികളുടെ മനസ്സിലേക്കെത്തിയ ഒരാളുണ്ട്, സൗമ്യ മേനോന്‍. ആ ഗാനത്തിന് ശേഷം കിനാവള്ളി, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മാര്‍ഗ്ഗം കളി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ സൗമ്യ ഇപ്പോഴിതാ പുതിയൊരു മ്യൂസിക് വീഡിയോയുമായി എത്തിയിരിക്കുകയാണ്.
പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന 'ഇനിയും' എന്ന മ്യുസിക്കല്‍ വിഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. സൗമ്യ മേനോന്‍, ജെ പി, രൂപേഷ് തെല്ലിച്ചേരി, ജാസ്മിന്‍ ജോര്‍ജ്ജ് എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. ഡി കെ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അമല്‍ സുരേന്ദ്രനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കിരണ്‍ ജോസാണ്.
'വാനില്‍ ഉയരെ...' എന്ന് തുടങ്ങുന്ന പാട്ട് ജ്യോത്സ്നയും രാകേഷ് കിഷോറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ഡോക്ടര്‍ വിനിയാണ്. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, ചിത്രസംയോജനം സഫീര്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.