സോഷ്യല്‍ മീഡിയയിലെ താരമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് ഹണി റോസ് തന്റെ ഹെയര്‍സ്റ്റൈല്‍ മാറ്റിയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മാറ്റത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെക്കുറിച്ചും ഹണി റോസ് മനസ് തുറക്കുകയാണ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പുതിയ ലുക്കിനെക്കുറിച്ചും പിന്നാലെയുണ്ടായ ട്രോളുകളെക്കുറിച്ചും നടി പങ്ക് വച്ചു.
ഒരു ജീവിതമല്ലേയുള്ളൂ, അതില്‍ നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ പറ്റണമെന്നും താരം പറയുന്നു. ഉദ്ഘാടനങ്ങള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമാണെന്ന് ഹണി റോസ് പറയുന്നു. ഉദ്ഘാടനങ്ങള്‍ കിട്ടിയതോടെ എന്നും ആളുകള്‍ നമ്മളെ കാണാന്‍ തുടങ്ങി. ദിവസവും ഒരേ ലുക്കാണെങ്കില്‍ ആളുകള്‍ക്ക് മടുക്കും. അതുകൊണ്ടാണ് എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അങ്ങനേയുള്ള പരീക്ഷണങ്ങളില്‍ ഒന്നാണ് ഇത്. ഇനി എന്തായാലും കുറച്ചുകാലം ഈ ലുക്കില്‍ തുടരാമെന്ന് ഹണി റോസ് പറയുന്നു.
പുതിയ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയെ ട്രോളുകള്‍ വരുന്നുണ്ട്. കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞാണ് ട്രോളുകള്‍. അതെല്ലാം ഞാന്‍ നല്ല രീതിയില്‍ ആസ്വദിക്കുന്നുണ്ട്. എന്ത് നല്ല ക്രിയാത്മകമായിട്ടാണ് അവര്‍ ട്രോള്‍ ചെയ്യുന്നത്. ട്രോള്‍ കണ്ടപ്പോഴാണ് അതൊക്കെ ശരിയാണല്ലോ എന്ന് എനിക്കും തോന്നിയത്. രസകരമായ ട്രോളൊക്കെ ഒരു പരിധിവരെ ഞാന്‍ ആസ്വദിക്കാറുണ്ട്.
എന്നാല്‍ പലപ്പോഴും ഈ ട്രോളുകള്‍ പരിധി കടക്കാറുമുണ്ട്. ബോഡിഷെയിമിങ്ങെല്ലാം എനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതൊക്കെ എന്നെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യരുതെന്ന് നമ്മള്‍ പറഞ്ഞതുകൊണ്ട് മാത്രം ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ചെയ്യുന്നവര്‍ കൂടി അതേക്കുറിച്ച് ഓര്‍ക്കണം. ഒരു സമൂഹത്തില്‍ വളരുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന് പലരും ഓര്‍ക്കുന്നില്ല. ബോഡിഷെയിമിങ് എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല.
എന്റെ ചിത്രങ്ങളോ വീഡിയോകളോ കാണുമ്പോള്‍ അതില്‍ അശ്ലീല കമന്റ് ഇടുന്നവരുണ്ട്. ആ കമന്റിന് താഴെ പോയോ പോസ്റ്റിട്ടോ പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. അതൊക്കെ ഒഴിവാക്കി കളയാറാണ് പതിവ്. ഫേക്ക് ഐഡിയില്‍ നിന്നാണ് പലരും കമന്റ് ഇടുന്നത്. അവരുടെയൊക്കെ അശ്ലീല കമന്റുകള്‍ക്ക് മറുപടി പറയാന്‍ പോയാല്‍ അതിനു മാത്രമേ സമയമുണ്ടാകു. എല്ലാ പരിധികളും കടക്കുകയാണെങ്കില്‍ നിയമപരമായി നേരിടുമെന്നും താരം മുന്നറിയിപ്പ് നല്‍കി.
സാരിയിലാണ് എന്നെ കാണാന്‍ ഭംഗിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. സാരി ഇഷ്ടമാണെങ്കിലും അത്ര കംഫര്‍ട്ട് അല്ല. പുറത്തൊക്കെ പോകുമ്പോള്‍ സാരി മാനേജ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗൗണ്‍ ധരിക്കുമ്പോഴാണ് എനിക്ക് കംഫര്‍ട്ട് കിട്ടുന്നത്. ഏറ്റവും ഇഷ്ടമുള്ള വസ്ത്രവും അതുതന്നെ. സ്റ്റൈലിഷ് വെസ്റ്റേണ്‍ വസ്ത്രങ്ങളൊക്കെ ട്രൈ ചെയ്യണമെന്നാഗ്രഹമുണ്ടെങ്കിലും അതിന് ഇവിടെ ഓപ്ഷനുകള്‍ കുറവാണെന്നും ഹണി റോസ് വ്യക്തമാക്കി