ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന് ഒരുങ്ങുന്നത്. വിദേശത്തെ ചിത്രീകരണത്തിന് ശേഷം എമ്പുരാന്റെ പുതിയ ഷെഡ്യൂള്‍ തിരുവനന്തപുരത്താണ്.
കടുത്ത നിയന്ത്രണങ്ങളാണ് ഷൂട്ടിങ് ലൊക്കേഷനില്‍ ഉള്ളതെങ്കിലും അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് ലൊക്കേഷനില്‍ നിന്നുള്ള രണ്ട് വീഡിയോകള്‍ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. നൂറ് കണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളെ അണിനിരത്തി ഒരുക്കുന്ന സീനുകളില്‍ സംവിധായകന് പൃഥ്വിരാജ് നിര്‍ദേശം നല്കുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ദൃശ്യത്തില്‍ മഞ്ജുവാര്യരും ഉണ്ട്.സുരാജിന്റെ ഒരു ദൃശ്യമാണ് ലീക്കായ രണ്ടാമത്തെ ദൃശ്യം. 'അഖണ്ഡ ശക്തി മോര്‍ച്ച പൈതൃക സംരക്ഷണ സമ്മേളന'ത്തില്‍ സംസാരിക്കുന്ന സുരാജാണ് ദൃശ്യത്തില്‍ കാണാന്‍ സാധിക്കുന്നത്. സീനിന് നിര്‍ദേശം നല്കുന്ന പൃഥ്വിരാജിനെയും ദൃശ്യത്തില്‍ കാണാം.
ലൂസിഫറില്‍ നിന്ന് എമ്പുരാനില്‍ എത്തുമ്പോള്‍ നിരവധി പുതിയ താരങ്ങളും ചിത്രത്തിനൊപ്പം ചേരുന്നുണ്ട്.എമ്പുരാനില്‍ സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും ടൈന് ടോം ചാക്കോയും പുതിയതായി എത്തുമെ്ന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന. ലൂസിഫറില്‍ ഇവര്‍ അഭിനയിച്ചിരുന്നില്ല. ഇതാദ്യമായാണ് ഷറഫുദ്ദീന് മോഹന്‍ലാല്‍ സിനിമയുടെ ഭാഗമാകുന്നത്.
മഞ്ജു വാര്യര്‍, സായ്കുമാര്, നന്ദു തുടങ്ങിയവരുടെ രംഗങ്ങളാണ് കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരും ഈ ഷെഡ്യൂളിലുണ്ട്. കൊച്ചിയിലും കുട്ടിക്കാനത്തും അബുദാബിയിലും ഗുജറാത്തിലും ചിത്രീകരണമുണ്ട്. 35 ദിവസത്തെ ചിത്രീകരണമാണ് ഗുജറാത്തില്‍. 10 ദിവസത്തെ ചിത്രീകരണം കുട്ടിക്കാനത്ത്. ജൂണ്‍ 15 ന് ഗുജറാത്തില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ അയ്യപ്പന്, സച്ചിന് ഖാദേഖര് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ എമ്പുരാന് റിലീസ് ചെയ്യും. മുരളി ഗോപിയാണ് രചന. ഛായാഗ്രഹണം സുജിത് വാസുദേവ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈയ്കയും ചേര്‍ന്നാണ് നിര്‍മ്മാണം. മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്. അതിനു കാരണം പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫര്‍ എന്ന ആദ്യ ഭാഗം ഉണ്ടാക്കിയ തരംഗം തന്നെയാണ്.