മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പോലും ദുല്‍ഖര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റേതായി സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി വരാനുള്ളത് 'കിം?ഗ് ഓഫ് കൊത്ത'യാണ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് എല്ലാം തന്നെ കാഴ്ചക്കാരും ഏറെയാണ്. കിംഗ് ഓഫ് കൊത്തയുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ താരപദവി ഭാര്യ വലിയ കാര്യമായി കാണുന്നില്ലെന്നാണ് സംഭാഷണത്തില്‍ ദുല്‍ഖര്‍ പറയുന്നത്. സ്ത്രീ ആരാധകരുടെയും മറ്റും സാമീപ്യം എങ്ങനെ ഭാര്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''ഞാന്‍ ഒരു അഭിനേതാവോ താരമോ ആണെന്ന് എന്റെ ഭാര്യ പൂര്‍ണ്ണമായി അംഗീകരിച്ചതായി ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് ഞാന്‍ ജോലിക്ക് പോയി മടങ്ങിവരുന്ന ഒരു വ്യക്തി മാത്രമാണ്. സത്യം പറഞ്ഞാല്‍, വിവാഹം കഴിഞ്ഞുള്ള ആദ്യ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍, ആരെങ്കിലും വന്ന് എന്നോട് ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് ചോദിച്ചാല്‍, എന്തിനാണ് നിങ്ങളുടെ ഫോട്ടോയെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതെന്ന് അവള്‍ എന്നോട് ചോദിക്കും. ഞാന്‍ ഒരു നടനാണെന്ന് അവളെ ഓര്‍മ്മിപ്പിക്കണം. അവള്‍ ചിലപ്പോഴൊക്കെ അത് മറക്കും.'- ദുല്‍ഖര്‍ പറഞ്ഞു.
നിങ്ങള്‍ വീട്ടില്‍ എന്താണെന്ന് എനിക്കറിയാം. നിങ്ങളെ നടനായി സ്‌ക്രീനില്‍ മാത്രമേ പ്രേക്ഷകര്‍ കാണുന്നുള്ളൂ. യഥാര്‍ത്ഥ ദുല്‍ഖറിനൊപ്പം ജീവിക്കുന്നയാളാണ് ഞാന്‍ എന്ന് ഭാര്യ പറയും'' ദുല്‍ഖര്‍ പറഞ്ഞു.
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പിതാവ് മമ്മൂട്ടിയുടെ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ മമ്മൂട്ടി പലപ്പോഴും തന്നോട് നിര്‍ദേശിക്കാറുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. ''അദ്ദേഹം ഒരു വര്‍ഷത്തില്‍ ഏകദേശം അഞ്ച് സിനിമകള്‍ ചെയ്യും. ഞാന്‍ എട്ട് ഒമ്പത് മാസം ദൈര്‍ഘ്യമുള്ള പ്രോജക്ടുകളിലാണ് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നത്. 'വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്താല്‍ വീട്ടിലേക്ക് വരാന്‍ കഴിയില്ല' എന്നാണ് അദ്ദേഹം എന്നോട് പറയാറുള്ളത്' -ദുല്‍ഖര്‍ പറഞ്ഞു.
തീരുമാനങ്ങളെടുക്കാന്‍ ഒരുപാട് സമമെടുക്കാറുണ്ട്. അതുകൊണ്ട് ഒരുപാട് സംവിധായകര്‍ അസ്വസ്ഥരാവുന്നുണ്ടാവും, അവരൊക്കെ എന്നോട് ക്ഷമിക്കണം. കാരണം എന്റെയൊരു പ്രശ്നമാണത്. ശരിയായ തീരുമാനം എടുക്കണമെന്നുണ്ട്.ഓരോ സിനിമയും ചെയ്യാന്‍ എന്താണിത്ര താമസമെന്ന് വാപ്പച്ചി ചോദിക്കാറുണ്ട്. കൂടുതല്‍ സിനിമ ചെയ്യാത്തതെന്താണെന്ന് ചോദിക്കും. വാപ്പച്ചി വര്‍ഷത്തില്‍ അഞ്ച് സിനിമ ചെയ്യാറുണ്ട്. ഞാന്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യുന്നത് വാപ്പച്ചിക്ക് മനസിലാവില്ല.
വരാനിരിക്കുന്ന കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍,വാടാ ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.