നടന് ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോ കണ്ട ആരാധകരെല്ലാം ആശങ്കയിലായിരുന്നു. വളരെ വിഷമിച്ച് ഒരു വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെക്കുകയും പിന്നീട് ഡിലീറ്റ് ചെയ്യകയുമായിരുന്നു. കുറച്ചു നാളായി താന്‍ നന്നായി ഉറങ്ങിയിട്ടില്ലെന്ന് പ്രസ്താവിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ഞായറാഴ്ച രാത്രി ഒരു വീഡിയോ പോസ്റ്റ് പങ്കിടുകയായിരുന്നു.
ആരാധകരെ ആശങ്കയിലാക്കിയ പോസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് താരം പിന്നീട് ഡിലീറ്റ് ചെയ്തു. ഈ വീഡിയോയില്‍ ദുല്‍ഖര്‍ പറഞ്ഞ വിഷയങ്ങളും അദ്ദേഹത്തിന്റെ മുഖഭാവങ്ങളുമാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്.
എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ ഭാഗത്ത് നിന്ന് ആശ്വാസമായി പുതിയ അപ്‌ഡേറ്റ് എത്തുകയാണ്. ഒരു പരസ്യത്തിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ വീഡിയോ.ഒരു മൊബൈല്‍ പരസ്യത്തിന്റെ ഭാഗമായുള്ള പ്രമോഷനുവേണ്ടിയായിരുന്നു ആ വിഡിയോ ചിത്രീകരിച്ചത്. മൊബൈലിന്റെ പരസ്യവും ദുല്‍ഖര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.
''ഈ മൊബൈല്‍ എന്നില്‍ ചെലുത്തിയ മാന്ത്രിക ശക്തി ഞാന്‍ വിചാരിച്ചതിലും ശക്തമാണ്. മെഡിറ്റേഷന്‍ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തില്‍ നിന്ന് എനിക്ക് രക്ഷപെടാന്‍ കഴിയുന്നില്ല. ഞാന്‍ വീണ്ടും ശ്രമിക്കുന്നുണ്ട്. അടുത്ത തവണ മൊബൈല്‍ തെറാപ്പി നോക്കാം'' വീഡിയോയുടെ താഴെ അടിക്കുറിപ്പില്‍ ദുല്‍ഖര്‍ പറയുന്നു.
ഇതിനു പിന്നാലെ പ്രമോഷന്‍ ആയിരുന്നല്ലേ എന്ന ആശ്വാസം പങ്കുവെക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതിനൊപ്പം രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. ആളുകളെ ഇങ്ങനെ പറ്റിക്കരുത് എന്നാണ് ആരാധകരുടെ കമന്റുകള്‍.