ലിജോ ജോസ് പെല്ലിശ്ശേരിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് സിനിമയിലേക്ക് എത്തിയ ടിനു പാപ്പച്ചന്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളാണ് സ്വന്തമായി ഒരുക്കിയത്. മൂന്നാമത്തെ ചിത്രം കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍.
കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ആണിത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫാറെര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.എല്‍.ജെ.പി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ തിരക്കുകളിലാണ് നിലവില്‍ ടിനു പാപ്പച്ചന്‍. ഇത് പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും ദുല്‍ഖര്‍ ചിത്രത്തിലേക്ക് കടക്കുക.
'വേഫാറെര്‍ ഫിലിംസ് നിര്‍മിക്കുന്ന ദുല്‍ഖര്‍ സല്‍മാനിനൊപ്പമുള്ള അടുത്ത ഒരു പ്രോജെക്ടിന്റെ ഗ്ലിമ്പ്‌സ് പങ്കുവെക്കുന്നു. മറക്കാന്‍ സാധിക്കാത്ത ഒരു യാത്രയ്ക്ക് സ്വയം ധൈര്യപ്പെടുത്തുക' എന്ന് ടിനു പാപ്പച്ചന്‍ ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മോഹന്‍ലാല്‍ ടിനു പാപ്പച്ചന്‍ ചിത്രത്തിന് മുമ്പ് ദുല്‍ഖര്‍ ചിത്രം അണിയറയില്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചാവേറാണ് ടിനുവിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. ആന്റണി വര്‍ഗീസ് പെപ്പെയും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോയ് മാത്യുവിന്റേതാണ് ചിത്രത്തിന്റെ രചന. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.