ഹാസ്യ, ആക്ഷേപഹാസ്യ വേഷങ്ങള്‍ക്ക് പേരുകേട്ട മലയാള ചലച്ചിത്ര നടന്മാരില്‍ പ്രധാനിയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി.പാപ്പി അപ്പച്ച' എന്ന ദിലീപ് ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. കുറച്ച് നാളായി സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടന്‍ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
സിനിമയില്‍ നിന്നും ഗ്യാപ് എടുത്തതാണോ എന്ന ചോദ്യത്തിന് മനപ്പൂര്‍വം ഗ്യാപ്പ് എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാന്‍ വിളിക്കാത്തതാണെന്നുമാണ് നടന്‍ പറയുന്നത്. ചാന്‍സ് ചോദിച്ച് താന്‍ ആരെയും വിളിക്കാറില്ല. അതും ഒരു കാരണമായിരിക്കാമെന്നും ധര്‍മജന്‍ പറഞ്ഞു.
സിനിമയില്‍ നിന്ന് തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നാണ് തോന്നുന്നതെന്നാണ് ധര്‍മജന്‍ പറഞ്ഞത്. 'ഒന്നാമത്തെ കാര്യം കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ സിനിമക്ക് വേണ്ടി ആരേയും വിളിക്കാറില്ല.അങ്ങനെയൊരു ചോദിക്കലൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. എന്റെ ജീവിതത്തില്‍ ഇതുവരെ ആരേയും വിളിച്ച് ചാന്‍സ് ചോദിച്ചിട്ടില്ല, അതും കൂടിയാവാം. എങ്ങനെയാണ് ചാന്‍സ് കിട്ടാതാവുന്നതെന്ന് അറിയില്ല', നടന്‍ പറഞ്ഞു.
'ഭയങ്കരമായി ആവശ്യമുണ്ടെന്ന് തോന്നിയാലേ ആ സിനിമക്ക് വിളിക്കുകയുള്ളൂ. അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാന്‍. പകരക്കാര്‍ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. അതില്‍ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്.
ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല, ചോദിക്കണമെന്നുണ്ട്. ഇനി ഞാന്‍ ചോദിക്കും. ഇപ്പോഴും ചാന്‍സ് ചോദിക്കുമെന്ന് ജയസൂര്യയൊക്കെ പറയാറുണ്ട്. ചാന്‍സ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നമായിരിക്കുംചാന്‍സ് ചോദിക്കണമെന്ന് വിചാരിച്ച രണ്ടുമൂന്ന് സംവിധായകന്മാരുണ്ട്. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, സിദ്ദീഖ് സാര്‍ ഇവരോടൊക്കെ ചാന്‍സ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്,' ധര്‍മജന്‍ പറഞ്ഞു.
നടന്‍ ഇന്നസെന്റുമായുള്ള അടുപ്പത്തെക്കുറിച്ചും പങ്ക് വച്ചു.ഇന്നസെന്റ് മരിക്കുന്നതിന് മുമ്പ് മീന്‍ വേണമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടായിരുന്നുവെന്നും താന്‍ അത് ബോക്സിലാക്കി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. പൈസ വാങ്ങിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മരിക്കുന്നതിന് മുമ്പ് വാങ്ങിക്കോളാമെന്ന് പറഞ്ഞതായും അഭിമുഖത്തില്‍ പറഞ്ഞു.