വിവാദങ്ങള്‍ക്കിടയില്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി 'നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍' പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് ധനുഷ്. തന്റെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം പറയുന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ആവശ്യപ്പെട്ടതിന് നടന്‍ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില്‍ ചോദിച്ചെന്ന നയന്‍താരയുടെ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ധനുഷ് തന്നോട് പകപോക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് നയന്‍ താര വിമര്‍ശനം ഉന്നയിച്ചത്. ഡോക്യുമെന്ററി നെറ്റ് ഫ്‌ലിക്‌സിലൂടെ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകന്‍ മറുപടി നല്‍കിയിരിക്കുന്നത്. അതും ഒരു വക്കീല്‍ നോട്ടീസിന്റെ രൂപത്തില്‍. തിങ്കളാഴ്ചയാണ് നെറ്റ്ഫ്ളിക്സിലൂടെ 'നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍' എന്ന ഡോക്യുമെന്ററി സീരീസ് പുറത്തുവന്നത്.
ഇതിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ തുറന്നടിച്ചുകൊണ്ടുള്ള കത്ത് പുറത്തുവിട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകന്‍ നയന്‍താരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ച 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യം 24 മണിക്കൂറിനകം പിന്‍വലിക്കണമെന്നാണ് അദ്ദേഹം നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ പ്രത്യാഘാതം 10 കോടി രൂപയില്‍ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്യുമെന്ററില്‍ ഉള്‍പ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയന്‍താരയുടെ വാദത്തിനും ധനുഷിന്റെ അഭിഭാഷകന്‍ മറുപടി പറയുന്നുണ്ട്. 'എന്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ എന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.' അഭിഭാഷകന്‍ പറഞ്ഞു. ഈ നോട്ടീസിന്റെ പേജുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നയന്‍താരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. നാനും റൗഡി താ എന്ന ചിത്രത്തിന്റെ വീഡിയോ, ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് നടനും സിനിമയുടെ നിര്‍മാതാവുമായ ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഡോക്യുമെന്ററി പുറത്തിറങ്ങിയത്.
ധനുഷ് നിര്‍മ്മാതാവായ 'നാനും റൗഡി താന്‍' സിനിമയിലെ ഭാഗങ്ങള്‍ നയന്‍താരയെ കുറിച്ച് നെറ്റ് ഫ്‌ലിക്‌സിന്റെ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം കഴിഞ്ഞ ദിവസമാണ് മറനീക്കി പുറത്ത് വന്നത്. പിന്നാലെ അതിരൂക്ഷമായ വിമര്‍ശനമാണ് നയന്‍താര ധനുഷിനെതിരെ നടത്തിയത്. വിഷയത്തില്‍ നയന്‍താരയുടെയും ധനുഷിന്റെയും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പോരടിക്കുന്നതും തുടരുകയാണ്. ധനുഷ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത് ,അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ അടക്കം താരങ്ങള്‍ നയന്‍ തരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ശ്രുതി ഹാസന്‍ അടക്കം നടിമാര്‍ പിന്തുണച്ചെങ്കിലും, മലയാളി നടിമാര്‍ മാത്രമാണ് നയന്‍താരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.