ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണി നായികയായി എത്തുന്ന ആദ്യ മലയാള വെബ് സീരിസ് 'പാന്‍ ഇന്ത്യന്‍ സുന്ദരി'യുടെ ചിത്രീകരണത്തിനിടെ മലയാളി യുവതാരം അപ്പാനി ശരത്തിന് പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലില്‍ ക്ഷതമേറ്റ താരത്തിന് ഉടന്‍തന്നെ വൈദ്യസഹായം നല്കി. പരിക്ക് സാരമായതല്ലെന്നാണ് റിപ്പോര്‍ട്ട്.
ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആര് ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന 'പാന്‍ ഇന്ത്യന്‍ സുന്ദരി'യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന് ആണ് സീരീസ് നിര്‍മിക്കുന്നത്. പ്രിന്‍സി ഡെന്നിയും ലെനിന് ജോണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് 'പാന്‍ ഇന്ത്യന്‍ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര് ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന് രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.