ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ട്വല്‍ത് മാനാണ് അനുശ്രീയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ സാഹചര്യവും ലൊക്കേഷന്‍ വിശേഷങ്ങളും നടി കൗമുദി മൂവിസിനൊട് പങ്ക് വച്ചിരുന്നു.'ജിത്തു സാര്‍ വിളിപ്പച്ചോള്‍ ഇതൊരു ലാലേട്ടന്‍ സിനിമയാണെന്ന് പറഞ്ഞിരുന്നു. പത്ത്, പതിനൊന്ന് പേര്‍ ഉണ്ടായിരിക്കും,? അനുവിന് ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നു. ഞാനപ്പോള്‍ തന്നെ ജിത്തു സാറിന്റെ സിനിമയല്ലേയെന്നാണ് ചോദിച്ചത്. എങ്കില്‍ വണ്‍ ലൈന്‍ ആയിട്ട് പറയുന്നില്ല, നേരിട്ട് സ്‌ക്രിപ്ട് വായിക്കൂവെന്ന് അദ്ദേഹം പറയുകയായിരുന്നുവെന്ന് നടി പറയുന്നു.
അങ്ങനെ ജിത്തു സാറിന്റെ വീട്ടില്‍ പോയാണ് വായിക്കുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ നമ്മുടെ ടീമിലെ തന്നെ രണ്ടു മൂന്നു പേര്‍ അവിടെ ഓരോ മൂലകളില്‍ ഇരുന്ന് സ്‌ക്രിപ്ട് വായിക്കുന്നുണ്ടായിരുന്നു. പകുതി വായിച്ചപ്പോള്‍ തന്നെ കിളി പോയി.ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്നോ നമ്മുടെ റോള്‍ ഏതെന്നോ ഒന്നും പറഞ്ഞിട്ടില്ല. പകുതി വായിച്ചിട്ട് വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.
നല്ലൊരു ടീമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ചായിരുന്നു ഷൂട്ടിംഗ്. അതില്ലാത്തപ്പോള്‍ എല്ലാവരും കൂടി ഗെയിം കളിക്കും. ആരും ഫോണില്‍ കുത്തിരിയിരുന്നില്ല. കാരണം അവിടെ റേഞ്ച് ഉണ്ടായിരുന്നില്ല. കൊവിഡ് സമയമായതു കൊണ്ട് എങ്ങോട്ടും പോകാനും പറ്റുന്നില്ല.ഉറങ്ങുന്ന സമയത്ത് മാത്രമാണ് അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്നിട്ടുണ്ടാവുക. അല്ലാത്തപ്പോഴെല്ലാം ഒരുമിച്ചുണ്ടാകും. എല്ലാവരും തമ്മില്‍ നല്ലൊരു ബോണ്ടിംഗ് അങ്ങനെ വന്നു. അത് നമ്മുടെ സിനിമയ്ക്കും ഗുണം ചെയ്തതായും നടി പറയുന്നു.